pho

പുനലൂർ: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒൻപതംഗസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.
പുനലൂർ വിളക്കുവെട്ടം കല്ലാർ 12 ഏക്കർ തടത്തിൽ വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ബാബുവാണ് (58) മരിച്ചത്.

ബാബുവിന്റെ ഭാര്യ ലത, മകൻ സുർജിത്ത് (35), മരുമകൾ സ്നേഹ എന്നിവർക്ക് പരിക്കേറ്റു. കല്ലാർ 12 ഏക്കർ ചരുവിളവീട്ടിൽ മോഹനൻ (51), സഹോദരനായ മാരംകോട് ചരുവിളവീട്ടിൽ സുനിൽ (42) എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റുചെയ്തു. ഏഴുപേർ ഒളിവിലാണ്.

പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി 10.30 ഓടെ കല്ലാർ വാർഡിലെ 12 ഏക്കറിലായിയിരുന്നു സംഭവം. വീടിന് കുറച്ചപ്പുറത്തായി സുർജിത്ത് റോഡിലേക്കിറക്കി ബൈക്ക് പാർക്ക് ചെയ്തെന്ന് പറഞ്ഞ് മറ്റൊരു ബൈക്കിലെത്തിയ മോഹനനും സുനിലും ശകാരിച്ചു. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയുമായി. മടങ്ങിപ്പോയ മോഹനനും സുനിലും ബന്ധുക്കളുമായി വന്ന് വീടുകയറി സുർജിത്തിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച സുരേഷ് ബാബുവിനെയും കുടുംബാംഗങ്ങളെയും സിറ്റൗട്ടിലിട്ട് മർദ്ദിച്ചു. സാരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുനലൂർ സി.ഐ രാജേഷിന് ലഭിച്ച പരാതിയെ തുടർന്ന് എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഹനനെയും സുനിലിനെയും അറസ്റ്റുചെയ്തത്. പുനലൂർ ഡിവൈ.എസ്.പി സന്തോഷ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് സി.ഐ പറഞ്ഞു. മരിച്ച സുരേഷ് ബാബുവിന്റെ മകൾ: സുറുമി.