aukham
ഷൈലാ രാജു

ചാത്തന്നൂർ: മൂന്ന് വർഷം മുൻപ് വരെ ഉത്സാഹവതിയായി തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നതാണ് ഷൈല. ചെറിയ പനിയും ക്ഷീണവും തുടങ്ങിയപ്പോൾ അതൊരിക്കലും തന്റെ കുടുംബത്തെ തകർക്കാൻ ശക്തിയുള്ള അപൂർവരോഗത്തിന്റെ വരവായിരുന്നെന്ന് ആ വീട്ടമ്മ അറിഞ്ഞിരുന്നില്ല. 'മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന മാരകരോഗമാണ് കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ ഭരണിക്കാട്ട് കോണത്തുവീട്ടിൽ ഷൈലാ രാജുവിന്റെ (56) ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത്. അസുഖം ബാധിച്ച് ചലനശേഷി പൂർണമായും നഷ്ടമായതോടെ ഒന്നനങ്ങാൻ പോലും പരസഹായം വേണ്ട അവസ്ഥയാണ് ഇപ്പോൾ.

ഷൈലയെ പരിചരിക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് രാജു ഇപ്പോൾ ജോലിക്ക് പോകുന്നില്ല. മകൾ ഭർത്താവിനൊപ്പം കർണാടകയിലാണ്. ഷൈലയുടെ ചികിത്സാ ചെലവിനും മറ്റുമായി ഭീമമായ തുകയാണ് ദിവസവും വേണ്ടത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഇതുവരെ കഴിഞ്ഞത്. ഇതിനോടകം കടബാദ്ധ്യതയും ഏറെയായി. താമസിക്കുന്ന വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര ജീർണിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.

തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ചികിത്സ ലഭിക്കുമെന്നും 25 ലക്ഷത്തോളം രൂപ ചെലവാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഈ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രാജു. ഇനിയും കനിവുവറ്റാത്തവരിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ കുടുംബം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വേളമാനൂർ ശാഖയിൽ ഷൈലാ രാജുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67219481587. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0070591. ഫോൺ: 9747059856.