കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാ - സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 15 മുതൽ 22 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സംസ്ഥാന നാടകോത്സവം നടക്കും. 15ന് വൈകിട്ട് 4ന് ചലച്ചിത്രതാരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകും. നടൻ പ്രേംകുമാർ, നാടക രചയിതാവ് ഹേമന്ത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അവശതയനുഭവിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ ക്ഷേമത്തിനായി 40 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാടകോത്സവം നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട എട്ട് നാടകങ്ങളാണ് മത്സരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ നാടകങ്ങൾ അവതരിപ്പിക്കും. പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങളും സെമിനാറുകളും എല്ലാദിവസവും വൈകിട്ട് നാല് മുതൽ ഉണ്ടാകും. 15ന് കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട്, 16ന് കൊല്ലം അശ്വതീഭാവനയുടെ കുരങ്ങുമനുഷ്യൻ, 17ന് ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ, 18ന് കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം, 19ന് കൊല്ലം സുരഭിയുടെ ഇവിടെ ഒരുപുഴ ബാക്കിയായി, 20ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി, 21ന് കൊല്ലം ആത്മമിത്രയുടെ അടുക്കളപ്പക്ഷി, 22ന് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 50,000 രൂപയും ഫലകവും രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 40,000, 35,000 രൂപയും ഫലകവുമാണ് അവാർഡ്. മേയ് അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും. പത്രസമ്മേളനത്തിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കലാ - സാംസ്കാരിക കേന്ദ്രം ചെയർമാൻ കെ.പി.എ.സി ലീലാകൃഷ്ണൻ, കൺവീനർ അനിൽ ആഴാവീട്, കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, കൺട്രോളിംഗ് ഓഫീസർ ബി. പ്രദീപ്, സ്വാഗതസംഘം ചെയർമാൻ ജോർജ്.എഫ്. സേവ്യർ വലിയവീട്, കൺവീനർ ബൈജു.എസ്. പട്ടത്താനം എന്നിവർ പങ്കെടുത്തു.