പത്തനാപുരം: വാഹനമിടിച്ച് പ്രാണൻ പൊലിഞ്ഞ 'സ്നോബെൽ' എന്ന അമ്മപ്പൂച്ചയുടെ അമ്മിഞ്ഞപ്പാൽ നുണയുന്ന പൂച്ചക്കുഞ്ഞുങ്ങൾ അവളെ താലോലിച്ചിരുന്ന കുട്ടികൾക്കും നാട്ടുകാർക്കും നൊമ്പരക്കാഴ്ചയായി.
പത്തനാപുരം കിഴക്കേഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരുടെ വളർത്തുപൂച്ചയായിരുന്നു സ്നോബെൽ. ഇവർ വീടുമാറിയതോടെ ഒറ്റപ്പെട്ട പൂച്ച വീടുകൾതോറും അലഞ്ഞുനടന്നു. ഇതുകണ്ട അർജുൻ, വൈഗ, ആര്യ, മീനാക്ഷി, ആദർശ്, ഉണ്ണിക്കുട്ടൻ, ആരോമൽ, പൈങ്കിളി എന്നീ കുട്ടികൾ പൂച്ചയുടെ സംരക്ഷണം ഏറ്റെടുത്തു.
കാർട്ടൂൺ കഥാപാത്രമായ 'സ്നോബെൽ' എന്ന പേരും അവൾക്ക് നൽകി. പെട്ടെന്ന് അവൾ നാട്ടുകാർക്ക് പ്രിയങ്കരിയായി. കഴിഞ്ഞ ആഴ്ചയാണ് 'സ്നോബെൽ' രണ്ട് കണ്മണികൾക്ക് ജന്മം നൽകിയത്. ഇന്നലെ രാവിലെ ആറോടെ തീറ്റതേടി ഇറങ്ങിയ അമ്മപ്പൂച്ചയെ റോഡ് മുറിച്ചുകടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
ഇടിയേറ്റുവീണ വേദനയിലും അവൾ നിരങ്ങിനീങ്ങി കുഞ്ഞുങ്ങൾക്കരികിലെത്തി. അപ്പോൾത്തന്നെ പിടഞ്ഞുമരിക്കുകയും ചെയ്തു. അമ്മ മരിച്ചതറിയാതെ ഓടിയെത്തിയ കുഞ്ഞുങ്ങൾ അമ്മിഞ്ഞപ്പാൽ നുണയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ കുട്ടികൾ കണ്ണീരോടെ പൂച്ചക്കുട്ടികളെ കോരിയെടുത്തു. കുട്ടികൾതന്നെ അമ്മപൂച്ചയുടെ സംസ്കാരവും നടത്തി.
സ്നോബെലിന് നൽകിയ സ്നേഹവും പരിലാളനയും കുഞ്ഞുപൂച്ചകൾക്കും നൽകി വളർത്താനാണ് കുട്ടികളുടെ തീരുമാനം.
ഇപ്പോൾ വൈഗയുടെയും പൈങ്കിളിയുടെയും വീട്ടിലാണ് പൂച്ചക്കുഞ്ഞുങ്ങൾ ഓടിച്ചാടി നടക്കുന്നത്.
വിശന്ന് മ്യാവൂ മ്യാവൂ എന്ന് കരയുമ്പോൾ കുട്ടികൾ സിറിഞ്ച് ഉപയോഗിച്ച് പാൽ നൽകി താലോലിക്കും.