അഞ്ചൽ: എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന അഞ്ചൽ - ആയൂർ റോഡിൽ മുന്നറിയിപ്പിലാതെ റോഡ് കുത്തിപ്പൊളിച്ചത് വാഹന, കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഇടമുളയ്ക്കൽ പഞ്ചായത്ത് ഒാഫീസിന് സമീപമുള്ള റോഡാണ് കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചത്. അഞ്ചൽ - ആയൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമ്മിക്കാനായാണ് റോഡ് കുഴിച്ചതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. മുൻകൂട്ടി അറിയിക്കാതെയുള്ള റോഡ് കുത്തിപ്പൊളിക്കലിനെ ചോദ്യം ചെയ്ത് നാട്ടുകാരും രംഗത്തെത്തി. റോഡ് പൊളിക്കുന്നതിനിടെ ശക്തമായ മഴകൂടി പെയ്തതിനാൽ യാത്രാക്ലേശം രൂക്ഷമായി. കാര്യം അന്വേഷിച്ച ജനപ്രതിനിധികളോട് തങ്ങൾ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞത്.