സാഹചര്യങ്ങൾക്കനുസരിച്ച് നിയന്ത്രണം
കൊല്ലം: അഞ്ച് ഫിഷ് ലാൻഡിംഗ് സെന്ററുകളും മൂന്ന് ഹാർബറുകളും പൂർണമായും അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് വിലയിരുത്തൽ. ജില്ലാ കളക്ടർ ബി. അബ്‌ദുൽ നാസറിന്റെ നിർദ്ദേശാനുസരണം കൊല്ലം, കരുനാഗപ്പള്ളി എ.സി.പി മാരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് വിലയിരുത്തൽ.
കൊല്ലം എ.സി.പി വിജയൻ കൊല്ലം പൊലീസ് ക്ലബിലും കരുനാഗപ്പള്ളി എ.സി.പി കെ. സജീവ് നീണ്ടകര ഫിഷറീസ് അവെയർനസ് ഹാളിലുമാണ് യോഗം ചേർന്നത്. അടുത്തമാസം പകുതിയോടെ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരും. കൂടാതെ ഇപ്പോൾ ലേലഹാളിലും മറ്റും തിരക്കില്ലാത്തതുമാണ് പൂർണമായ അടച്ചിടൽ ആവശ്യമില്ലെന്ന തീരുമാനത്തിലേക്കെത്തിയത്.
സാഹചര്യങ്ങൾക്കനുസരിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, അസി. ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, മറൈൻ സി.ഐ ബൈജു, ഹാർബർ എൻജിനിയറിംഗ് അസി.എക്സി. എൻജിനിയർ, ബോട്ട് ഉടമകളുടെ പ്രതിനിധികൾ, ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന നിർദ്ദേശങ്ങൾ
1. മത്സ്യബന്ധന യാനങ്ങൾ പുറപ്പെടുന്ന സ്ഥലത്ത് തന്നെ തിരികെയെത്തണം
2. ഗാർഹിക ഉപഭോക്താക്കൾക്ക് ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പ്രവേശനമില്ല
3. അന്യസംസ്ഥാന തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യമുണ്ടാകണം
4. തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകണം
5. സാഹചര്യം വിലയിരുത്തി ഒറ്റ - ഇരട്ടയക്ക നിയന്ത്രണം
6. ലേലവും വിൽപ്പനയും കൊവിഡ് മാനദണ്ഡമനുസരിച്ച്
25 വരെ പ്രവർത്തനാനുമതി
അഴീക്കൽ, തങ്കശേരി, ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾക്കും അനുബന്ധ ലേലഹാളുകൾക്കും 25ന് ഉച്ചയ്ക്ക് 12 വരെ പ്രവർത്തനാനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. അടുത്ത രണ്ടാഴ്ചത്തേക്ക് ഉപഭോക്താക്കൾക്ക് നേരിട്ട് മീൻ വിൽക്കാൻ അനുമതിയില്ല. മേഖലകളിലെ കൊവിഡ് സ്ഥിതി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
''
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാ മത്സ്യത്തൊഴിലാളികളും കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. മാർഗനിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ