എഴുകോൺ: കശുഅണ്ടി ഫാക്ടറി തൊഴിലാളികൾക്ക് കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷന് സൗകര്യങ്ങളൊരുക്കി കരീപ്ര സുരേഷ് കുമാർ ഫൗണ്ടേഷന്റെ മാതൃകാ പ്രവർത്തനം. കരീപ്രയിലെ കശുഅണ്ടി ഫാക്ടറികളിൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനാണ് ഫൗണ്ടേഷൻ സൗകര്യമൊരുക്കിയത്. ജോലി മുടങ്ങാതെ തന്നെ രജിസ്റ്റർ ചെയ്യാമെന്നതാണ് തൊഴിലാളികളുടെ നേട്ടം. ഇടയ്ക്കിടം, നടമേൽ, കരീപ്ര ഫാക്ടറികളിലായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്യാമ്പുകളിൽ അറുന്നൂറിൽപരം പേർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ച പൊതുജനങ്ങൾക്കായി ഇടയ്ക്കിടം ചന്തമുക്കിലും രജിസ്ട്രേഷൻ സൗകര്യമൊരുക്കിയിരുന്നു. നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ഫൗണ്ടേഷന്റെ കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ. വ്യാഴാഴ്ച കൊട്ടാരക്കര നെല്ലിക്കുന്നം ഫാക്ടറിയിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്. ശൈലേന്ദ്രൻ, വൈസ് ചെയർമാൻ എഴുകോൺ സന്തോഷ് എന്നിവർ പറഞ്ഞു. കശുഅണ്ടി തൊഴിലിടങ്ങളിൽ കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ സംഘടിപ്പിച്ചത് അഭിനന്ദനാർഹമാണെന്ന് കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.