kunnathoor-
മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുൻവശത്ത് പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന

കുന്നത്തൂർ: മലയാളികളുടെ മനസിൽ കണിക്കൊന്നപ്പൂവിന്റെ നൈർമല്യവും സൗന്ദര്യവും ഒപ്പം ശ്രീകൃഷ്ണ ഭക്തിയും സമന്വയിപ്പിച്ച് വീണ്ടും ഒരു വിഷുക്കാലംകൂടി. മിക്ക സ്ഥലങ്ങളിലും വേനൽമഴ കാര്യമായി പെയ്യാതിരുന്നതിനാലും ഇക്കുറി കണിക്കൊന്നകൾ പൂക്കാൻ വൈകിയതിനാലും പൂവിന് വലിയ ക്ഷാമമില്ല. ഇലയും തണ്ടും കാണാനാവാത്ത തരത്തിലാണ് നാട്ടിൻ പുറങ്ങളിലെ കൊന്ന മരങ്ങളിൽ പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. മലയാളിക്ക് കണിക്കൊന്നയില്ലാതെ എന്ത് വിഷു ആഘോഷം.

കഴിഞ്ഞ തവണ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ വിഷു ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിയന്ത്രണങ്ങൾ കർശനമെങ്കിലും ഇപ്രാവശ്യം കഴിഞ്ഞ തവണത്തെ കുറവ് നികത്താനാണ് ഒാരോ മലയാളികളുടെയും ശ്രമം. അരി, നെല്ല്, അലക്കിയ മുണ്ട്, സ്വർണം, വാൽക്കണ്ണാടി, കണി വെള്ളരി, കണിക്കൊന്ന പൂവ്, വെറ്റില, അടയ്ക്ക, കൺമഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, ചക്കപ്പഴം, കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, നാളികേര പാതി, ശ്രീകൃഷ്ണ വിഗ്രഹം എന്നിവ കൊണ്ടാണ് വിഷുക്കണിയൊരുക്കുന്നത്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്ന് കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്. കുടുംബാംഗങ്ങൾ കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്ത് കൊണ്ടുചെന്ന് പ്രകൃതിയെ കണി കാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കാറുണ്ട്. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം.