പുത്തൂർ: നാലര വർഷമായി തകർന്നുകിടക്കുന്ന പുത്തൂർ മണ്ഡപത്തിന്റെ പുനർനിർമ്മാണം വീണ്ടും മുടങ്ങി. പവിത്രേശ്വരം, നെടുവത്തൂർ, കുളക്കട ഗ്രാമ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ അടയാളമാണ് കൊട്ടാരക്കര - ശാസ്താംകോട്ട റോഡരികിലെ മണ്ഡപം. മണ്ഡപം പുനർനിർമ്മിക്കുന്നതിൽ അധികൃതർ കാട്ടുന്ന തുടർച്ചയായ അനാസ്ഥയെ തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
തകർന്ന പഴയ മണ്ഡപത്തിന്റെ കല്ലുകൾ ഉപയോഗിച്ചു തന്നെയാണ് പുതിയ മണ്ഡപത്തിന്റെയും അടിത്തറ കെട്ടിയത്. എന്നാൽ അതിനുശേഷം നിർമ്മാണം മാസങ്ങളോളമാണ് മുടങ്ങിക്കിടന്നത്. തമിഴ്നാട്ടിൽ നിന്ന് കൊത്തിയ കല്ലുകൾ എത്തിച്ച ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ നിർമ്മാണം പുനരാരംഭിച്ചത്. എന്നാൽ ഇരിക്കാനുതകുന്ന വിധം കല്ലുകൾ നാലുവശവും നിരത്തിയപ്പോഴേക്കും വീണ്ടും നിർമ്മാണം നിലച്ചു.
മണ്ഡപം തകർന്നത് കെ.എസ്.ആർ.ടി.സി ബസിടിച്ച്
2016 നവംബർ 30നാണ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും നിലംപൊത്തിയത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പുനർ നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. പി. ഐഷാപോറ്റി എം.എൽ.എ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് മണ്ഡപം പുനർ നിർമ്മിക്കാൻ തുടങ്ങിയത്. നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല നൽകിയത്.
ഇനി വേണ്ടത് തൂണുകളും മേൽക്കൂരയും
ഇനി മുകളിലേക്കുള്ള തൂണുകളും മേൽക്കൂരയും സ്ഥാപിച്ചാൽ മാത്രമേ മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാവുകയുള്ളൂ. ഇക്കാര്യത്തിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണെന്ന ആക്ഷേപം പ്രദേശവാസികൾക്കിടയിൽ ശക്തമാണ്. പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂർ - ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റർ അകലത്തിലാണ് പുതിയ മണ്ഡപം നിർമ്മിക്കുന്നത്.