കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച ദേശീയപാത പുനർനിർമ്മാണത്തിനിടെ മഴയത്ത് ഒലിച്ചുപോയി. കൊല്ലം-തേനി ദേശീയപാതയുടെ കുണ്ടറ താലൂക്ക് ആശുപത്രി മുൻവശത്താണ് റോഡ് തകർന്നത്.
ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി ഒന്നര വർഷം മുമ്പാണ് കൊല്ലം-തേനി ദേശീയപാതയുടെ ഇളമ്പള്ളൂർ മുതൽ പേരയം വരെയുള്ള ഭാഗം ഒരുവശം കുഴിച്ചത്. പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയായിരുന്നു. മെറ്റൽ ഇട്ട് റോളർ ഉപയോഗിച്ച് ഉറപ്പിച്ച ഭാഗം കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ഒലിച്ചു പോവുകയായിരുന്നു. ഇതോടെ കുണ്ടറ താലൂക്ക് ആശുപത്രിയുടെ മെയിൻ ഗേറ്റിനു മുന്നിലും പരിസരപ്രദേശങ്ങളിലും ഗർത്തങ്ങൾ രൂപംകൊണ്ടു.
ഈ ഭാഗത്തെ യാത്രാദുരിതം കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിക്കുന്നത്. ആശുപത്രിക്ക് മുന്നിൽ ഗതാഗത തടസം ശക്തമായതോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.