തൊടിയൂർ: വാഹനഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടയ്ക്ക് ചുമടിറക്കി വച്ച് വിശ്രമിക്കാൻ പാതയോരങ്ങളിൽ നാട്ടി നിറുത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങികൾ. തൊടിയൂർ പഞ്ചായത്തിലെ മാരാരിത്തോട്ടം - ചാമ്പക്കടവ് റോഡിന് സമീപത്തെ കണ്ടോലിൽ ജംഗ്ഷനിൽ ചരിത്രത്തിന്റെ അവശേഷിപ്പായി ഇപ്പോഴും ഒരു ചുമടുതാങ്ങി കാണാം.
പ്രധാന കമ്പോളങ്ങളിൽ നിന്ന് കാളവണ്ടികളിലോ തലച്ചുമടായോ മാത്രമായിരുന്നു അക്കാലത്ത് ഗ്രാമ പ്രദേശങ്ങളിലെ കടകളിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്നത്. ചെറിയ കച്ചവടക്കാർ തലച്ചുമടായാണ് സാധനങ്ങൾ കടകളിലേക്ക് കൊണ്ടുവന്നിരുന്നത്. അക്കാലത്ത് നിരവധി പേർ ഉപജീവനത്തിനായി ചുമടെടുപ്പ് തൊഴിലായി സ്വീകരിച്ചിരുന്നു.
മരച്ചീനി, ചക്ക, മാങ്ങ, തേങ്ങ, തൊണ്ട്, മീൻ, കൈതോല തുടങ്ങിയവ സാധനങ്ങളെല്ലാം തലച്ചുമടായാണ് എത്തിച്ചിരുന്നത്. ചുമടുമായുള്ളയാത്ര ദൈർഘ്യമേറിയതാണെങ്കിൽ ഇടയ്ക്ക് രണ്ടോ മൂന്നോ ചുമടുതാങ്ങികളിൽ ഭാരം ഇറക്കിവെച്ച് വിശ്രമിക്കേണ്ടിവരും. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ചക്കുവള്ളി, കടമ്പനാട്, പോരുവഴി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തലച്ചുമടായി കാർഷിക വിഭവങ്ങൾ കരുനാഗപ്പള്ളി ശ്രീരാമവർമ്മപുരം കമ്പോളത്തിൽ എത്തിച്ചിരുന്നു. കരുനാഗപ്പള്ളി മാർക്കറ്റിൽ നിന്ന് പലവ്യഞ്ജനങ്ങളും അരിയും ഉൾപ്പടെയുള്ള സാധനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിച്ചിരുന്നതും തലച്ചുമടായിത്തന്നെ. കരുനാഗപ്പള്ളിയുടെ തീരദേശപ്രദേശങ്ങളിൽ നിന്ന് കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിലേയ്ക്ക് കുട്ടകളിൽ മത്സ്യം തലച്ചുമടായി കൊണ്ടുപോയി വില്പന നടത്തിയിരുന്നു.
ചുമടുതാങ്ങിയുടെ നിർമ്മാണം
ഏകദേശം 5 - 6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ചുമടുതാങ്ങികൾ നിർമ്മിച്ചിരുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. വാഹന, റെയിൽ ഗതാഗതങ്ങൾ സജീവമായതോടെ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ അവയിൽ ചിലത് രാജവാഴ്ചയുടെ അവശേഷിപ്പായി ഇപ്പോഴും നിലനിൽക്കുന്നു.