കഴിഞ്ഞ ലക്കത്തിന്റെ തുടർച്ചയാണ് ഇക്കുറിയും. മഹാദിക്കുകളുടെ ഗുണം കിട്ടാത്ത വീടുകളെപ്പറ്റി പറഞ്ഞപ്പോൾ കിഴക്കും വടക്കുമാണ് കഴിഞ്ഞ ആഴ്ച പ്രതിപാദിച്ചത്. ഇക്കുറി മഹാദിക്കായ തെക്കും പടിഞ്ഞാറും നോക്കാം. കിഴക്കും വടക്കും പോലെ തന്നെ പരിഗണിക്കേണ്ടതാണ് പടിഞ്ഞാറും തെക്കും. ക്ഷേത്രങ്ങൾ പടിഞ്ഞാറേയ്ക്കോ തെക്കോട്ടോ നിൽക്കുന്നത് വളരെ കുറച്ചേ ഉള്ളൂ. കൃത്യമായ വാസ്തുസങ്കൽപം പൂർണമാണെങ്കിൽ ഇവ ഏറെ പ്രശസ്തമാവുകയും ചെയ്യും. ഉദാഹരണത്തിന് പളനി ക്ഷേത്രം. പടിഞ്ഞാറേയ്ക്കാണ് ദർശനം.പടിഞ്ഞാറുദിശയുടെ ഗുണം കിട്ടാത്ത നിർമ്മാണങ്ങൾ കൂടുതലും കേരളത്തിലാണ്. കാരണം പടിഞ്ഞാറോട്ട് നിൽക്കുന്ന വീടിന് നേർ മദ്ധ്യത്തിൽ മാത്രമേ പ്രധാന കട്ടിള കൊടുക്കാവൂ. കട്ടിള തെക്ക് പടിഞ്ഞാറോ, വടക്കു പടിഞ്ഞാറോ ചെറുതായി ചരിയുകയാണെങ്കിൽ പോലും ദോഷം ചെയ്യും.
ചിലർ തെക്ക് പടിഞ്ഞാറ് വീടിന്റെ ഗേറ്റോ സിറ്റൗട്ടോ ചെയ്തു കാണുന്നുണ്ട്. തെക്ക് പടിഞ്ഞാറോ വടക്കുപടിഞ്ഞാറോ കാർപോർച്ചും കാണാറുണ്ട്. ഈ രണ്ടു നിർമ്മാണവും കടുത്ത ദോഷം ചെയ്യും. വീടിന്റെ നേർ പടിഞ്ഞാറ് എവിടെയെന്ന് കണ്ടെത്തി വേണം കട്ടിള വയ്ക്കാൻ. 90 ഡിഗ്രിയിൽ മൂലകൾ ക്രമമായി വരുകയും വേണം. കന്നിയിൽ നിന്നോ വായുമൂലയിൽ നിന്നോ രണ്ടരമുതൽ മൂന്നടിവരെ മാറ്റിയോ മാത്രമെ ജനാലകളോ വെന്റിലേഷനോ കൊടുക്കാവൂ. വെന്റിലേഷൻ വൃത്താകൃതിയിൽ ചെയ്യരുത്. സ്ക്വയർ മാതൃകയിൽ ചെയ്യണം. വീടിന്റെ പ്രധാന വാതിലിന് നേർക്കായി തന്നെ പ്രധാന ഗേറ്റും വയ്ക്കണം. മതിൽ കെട്ടണം. പിള്ളഗേറ്റുകൾ ഒഴിവാക്കണം.ഗേറ്റുകളിൽ വെന്റിലേഷനുകൾ വയ്ക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കണം.
വടക്കു പടിഞ്ഞാറ് ഭാഗത്തല്ലാതെ യാതൊരു കുഴികളും പടിഞ്ഞാറ് വരാതെയും നോക്കണം.
സമാനമാണ് തെക്കു ദർശനമായ വീടുകളും ശ്രദ്ധിക്കേണ്ടത്. തെക്കോട്ട് ദർശനമായ വീടിന് നേരെ തെക്ക് വശത്തു തന്നെ പ്രധാന കട്ടിള വയ്ക്കണം. തെക്കു വാതിലിന് നേരെ പിന്നിലേയ്ക്ക് വരുന്ന വിധം പിന്നിലെ മുറികളുടെ കട്ടിളയും ക്രമപ്പെടുത്തണം. അടുക്കള വടക്കു പടിഞ്ഞാറ് വന്നാലും കുഴപ്പമില്ല. തെക്ക് പടിഞ്ഞാറും തെക്കുകിഴക്കും ഗേറ്റുകളോ വാതിലുകളോ ഒഴിവാക്കണം. തെക്ക് പടിഞ്ഞാറുഭാഗത്തോ, തെക്ക് കിഴക്കോ, തെക്കോ യാതൊരു കുഴികളും വരാൻ പാടില്ല. പിള്ളഗേറ്റുകളും തെക്കു വേണ്ട. വരാന്തയുണ്ടെങ്കിൽ നാലു വശത്തും വേണം. മൂന്ന് വശത്തായാലും മതി. വാട്ടർ ടാങ്ക് നിർബന്ധമായും തെക്ക് പടിഞ്ഞാറ് തന്നെ വേണം.
യമസൂത്രം പുറത്തു പോകും വിധം പ്രധാന വാതിൽ സജ്ജമാക്കുകയാണെങ്കിൽ നേർവടക്കും വാതിലിലൂടെ തന്നെ സൂത്രം പോകണം. തെക്ക് വാതിലിന് നേർക്ക് ജനാല വയ്ക്കരുത്. വാതിൽ തന്നെ വേണമെന്ന് സാരം. തെക്ക് പടിഞ്ഞാറോ, തെക്ക് കിഴക്കോ പുറത്തോ അകത്തോ സ്റ്റെയർ വരരുത്. പൈപ്പുകൾ ഏത് വശത്തുകൂടിയും കൊണ്ടു പോകുകയും ചെയ്യാം. ഇത്തരത്തിൽ നിർമ്മാണം ക്രമപ്പെടുത്തിയാലേ ദിശയുടെ ശരിയായ ഫലം പ്രദാനം ചെയ്യൂ. മറിച്ചായാൽ കടുത്ത ദോഷങ്ങളും സംഭവിക്കാം. വസ്തുവിന്റെ, തെക്കോ, പടിഞ്ഞാറോ, തെക്ക് പടിഞ്ഞാറോ, തെക്ക് കിഴക്കോ വസ്തു തള്ളി നിൽക്കുകയോ വളരുകയോ ചെയ്യരുത്. അങ്ങനെ തള്ളി നിൽക്കുന്നവ ഒഴിവാക്കുകയോ, മതിൽ കെട്ടി തിരിക്കുകയോ ചെയ്യണം. ഈ ഭാഗങ്ങളിലൊന്നും കിണറുകളോ സെപ്ടിക് ടാങ്കുകളോ വരാതെയും ശ്രദ്ധിക്കണം.