കഴക്കൂട്ടം: വേനൽമഴ കനത്തതോടെ എലിവേറ്റഡ് ഹൈവേ നിർമ്മാണ ജോലികൾ ഒച്ചിഴയും വേഗത്തിലായ കഴക്കൂട്ടത്ത് യാത്രക്കാർക്ക് ദുരിതം. വഴിയേത് കുഴിയേതെന്നറിയാതെ ചെളിക്കുണ്ടുകളിൽ ഇഴഞ്ഞിഴഞ്ഞ് നരകിക്കുകയാണ് അവർ. ഉഴുതുമറിച്ച പാടം പോലെയാണ് കഴക്കൂട്ടം. റോഡ് നിർമ്മാണത്തിനായി പൊളിച്ച കെട്ടിടങ്ങളുടെയും ഓടകളുടെയും അവശിഷ്ടങ്ങളും മരക്കുറ്റികളും കമ്പുകളും കൂനകൂടികിടക്കുന്നതിനിടയിൽ ഗതാഗത തടസം സൃഷ്ടിച്ച് മൺകൂനകൾ. ചെറുതും വലുതുമായ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞതോടെ കാൽനടപോലും അസാദ്ധ്യം.
പരിക്കേൽക്കുന്നവർ നിരവധി
കണ്ണ് പിഴച്ചും കാൽവഴുതിയും നിത്യേന റോഡിൽ വീണ് പരിക്കേൽക്കുന്നവർ നിരവധി. ഇരുചക്രവാഹനയാത്രക്കാരുടെ കാര്യമാണ് ഇതിലൊക്കെ കഷ്ടം. വലിയ വാഹനങ്ങൾ കടന്നുപോകാൻ സൈഡ് നൽകാനിടമില്ലാത്ത ഇവിടെ കഴക്കൂട്ടം മിഷൻ ആശുപത്രി മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെ ഇരുകാലുകളും ചെളിക്കുണ്ടുകളിൽ തുഴഞ്ഞാണ് അവരുടെയാത്ര. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിയും വെള്ളവും തെറിയ്ക്കുന്നത് കാരണം വാക്കുതർക്കങ്ങളും കയ്യാങ്കളിയും വേറെ.
പൊടി മാറി ചെളിയായി
വേനൽക്കാലത്ത് ചൂടും പൊടിശല്യവുമായിരുന്നെങ്കിൽ വേനൽ മഴകടുത്തതോടെ വെള്ളക്കെട്ടും ചെളിയുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദീർഘദൂര സർവ്വീസുകൾ ഉൾപ്പെടെയുള്ള ബസുകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി വഴിതിരിച്ചുവിട്ടിരിക്കുന്നതിനാൽ മാർക്കറ്രിന് മുന്നിലൂടെ മിഷൻ ആശുപത്രി വഴിയുള്ള റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ പ്രവേശന കവാടമാണ് സൈബർ സിറ്റിയെന്ന് വിശേഷിപ്പിക്കുന്ന കഴക്കൂട്ടം. കഴക്കൂട്ടം മിഷൻ ആശുപത്രി മുതൽ ടെക്നോ പാർക്ക് ഫേസ് ത്രീവരെ നീളുന്ന 2.71 കിലോ മീറ്റർ സ്ഥലത്താണ് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്നത്. കഴക്കൂട്ടം ജംഗ്ഷന് മീതെ കൂടി നാല് വരികളിലായി കടന്നുപോകുന്ന എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനാവശ്യമായ തൂണുകളുടെ നിർമ്മാണ ജോലികളാണ് കഴക്കൂട്ടത്ത് ഇപ്പോൾ നടന്നുവരുന്നത്.
സമയബന്ധിതമല്ലാത്ത നിർമ്മാണം
ഒന്നരവർഷമായി നടന്നുവരുന്ന നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്നം. നിർമ്മാണ കരാറേറ്റടുത്ത കമ്പനിക്ക് ആവശ്യത്തിന് ജോലിക്കാരില്ലാത്തതും നിർമ്മാണ പുരോഗതിയെ തടസപ്പെടുത്തുന്നതായി നാട്ടുകാർ ആരോപിച്ചു. കഴക്കൂട്ടം പൊലീസ് സ്റ്രേഷന് മുൻവശം മുതൽ സർവീസ് റോഡിനും ഓടനിർമ്മാണത്തിനുമായി റോഡ് കുഴിച്ചിട്ട് ആഴ്ചകളായി. വീടുകളിലും കടകളിലും പ്രവേശിക്കാൻ വഴിപോലുമില്ലാതെ ദുരിതത്തിലാണ് പ്രദേശവാസികൾ.
പൂർത്തിയാകാത്ത സർവീസ് റോഡ്
ആറ്റിങ്ങൽ - തിരുവനന്തപുരം റോഡിൽ സർവീസ് റോഡ് ടാറിംഗ് പൂർത്തിയാക്കും മുമ്പേ എതിർവശത്തേക്കുള്ള റോഡ് തുരന്നുമറിക്കുകകൂടി ചെയ്തതാണ് നിർമ്മാണ കമ്പനിയുടെ മറ്റൊരുദ്രോഹം. കഴക്കൂട്ടത്തെ പെട്രോൾ പമ്പിന് മുൻവശമുള്ള റോഡ് അരകിലോമീറ്ററിലധികം ചെളിക്കുണ്ടാണ്. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാതെ ഓട നിർമ്മാണത്തിനുകൂടി റോഡ് കുളം കോരിയതാണ് ദുരിതം ഇരട്ടിപ്പിച്ചത്. ലോക്ക് ഡൗണും കൊവിഡും കാരണം മാസങ്ങളോളം നിർമ്മാണം നിലച്ചിരുന്ന ബൈപ്പാസിന്റെ ജോലികൾ അൺലോക്കിന് ശേഷം പുനരാരംഭിച്ചെങ്കിലും ലോക്ക് ഡൗണിന് മുമ്പുണ്ടായിരുന്നതുപോലെ സജീവമല്ല.
കാലവർഷത്തിന് മുമ്പും തീരില്ല
കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയുടെ തുടക്കംവരെയുള്ള ഏതാനും തൂണുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. തൂണുകൾ നിർമ്മിക്കാനായി റോഡ് തുരന്ന് അടിയിൽ നിന്ന് കോൺക്രീറ്ര് ചെയ്യുന്ന ജോലികളാണ് നടന്നുവരുന്നത്. തൂണുകൾ ബലപ്പെടുത്തിയശേഷമേ ഇവയ്ക്ക് മീതെ കൂറ്റൻ ഗർഡറുകളും സ്പാനുകളും സ്ഥാപിക്കാൻ കഴിയൂ. ക്രെയിൻ ഉപയോഗിച്ച് തൂണുകൾക്ക് മീതെ ഇവ സ്ഥാപിക്കണമെങ്കിൽപോലും ക്രെയിൻ സർവ്വീസിനായി സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയായേ മതിയാകൂ. എന്നാൽ, ഇപ്പോഴത്തെ നിലയിലാണ് നിർമ്മാണ ജോലികളെങ്കിൽ കാലവർഷം ആരംഭിക്കുംമുമ്പ് സർവ്വീസ് റോഡുകളുടെ നിർമ്മാണം പോലും പൂർത്തിയാക്കാൻ കഴിയില്ല. നിർമ്മാണ ജോലി ഏറ്രെടുത്ത കമ്പനിയുടെ അനാസ്ഥയാണ് പണി ഇഴയാൻ കാരണം. ദേശീയപാത അതോറിട്ടിയോ എം.പി മാരുൾപ്പെടെയുള്ള ജന പ്രതിനിധികളോ സംസ്ഥാന സർക്കാരോ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നതാണ് ഖേദകരമായ മറ്റൊരു വസ്തുത.
# കഴക്കൂട്ടം കുളമാക്കി
ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാതെയും വ്യക്തമായ ആസൂത്രണമില്ലാതെയും റോഡുകളും ഓടകൾക്കുമായി കഴക്കൂട്ടവും പരിസരവും കുളം കോരിയതാണ് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയത്. നിർമ്മാണസ്ഥലത്ത് അനാവശ്യമായി കുന്നുകൂട്ടിയിട്ടിരിക്കുന്ന കെട്ടിട അവശിഷ്ടങ്ങളും മണൽകൂനകളും നീക്കം ചെയ്താൽ തന്നെ ഗതാഗതത്തിനാവശ്യമായ സ്ഥലം ലഭിക്കും. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുൻവശത്ത് ഓട നിർമ്മാണത്തിനായി കുഴിയെടുത്തിട്ടിട്ട് ദിവസങ്ങളായി. സമീപത്തെ വീടുകളിലേക്കും കടകളിലേക്കുമുള്ള വഴികൾ ഇല്ലാതായി. കച്ചവടക്കാരെ ആകെ ബാധിച്ച ഈ പ്രശ്നത്തിൽ യാതൊരു ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വരുന്ന മഴക്കാലത്തിന് മുമ്പ് ഓട നിർമ്മാണം പൂർത്തായാക്കാതിരുന്നാൽ കഴക്കൂട്ടം വെള്ളത്തിനടിയിലാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഷജീർ, സെക്രട്ടറി , വ്യാപാരി വ്യവസായി ഏകോപന സമിതി, കഴക്കൂട്ടം.