award
കേരളകൗമുദിയുടെ ലഹരി വിരുദ്ധ പുരസ്കാരം കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസറായ പി.എൽ. വിജിലാലിന് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണനും പ്രശസ്തിപത്രം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനുവും സമ്മാനിക്കുന്നു. എക്സൈസ് സി.ഐ കൃഷ്ണകുമാർ, ഇൻസ്പെക്ടർ രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, മനോജ് ലാൽ എന്നിവർ സമീപം

 പി.എൽ. വിജിലാലിന് കേരളകൗമുദിയുടെ ലഹരിവിരുദ്ധ പുരസ്കാരം

കൊല്ലം: ലഹരി മാഫിയെ തളയ്ക്കാൻ വിശാലമായ കൂട്ടായ്മ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനു പറഞ്ഞു. ലഹരിക്കെതിരെ സർഗാത്മകമായി ബോധവത്കരണം നടത്തുന്ന കലാസാഹിത്യ പ്രതിഭയും മികച്ച എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ പി.എൽ. വിജിലാലിന് കേരളകൗമുദി ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ വേരറുക്കാൻ എക്സൈസിന് പൊലീസ്, മാദ്ധ്യമങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണവും വേണം. ഇത്തരം കൂട്ടായ്മ രൂപപ്പെടുത്താൻ എക്സൈസ് വകുപ്പ് പരിശ്രമിച്ച് വരികയാണ്. ലഹരിവില്പനക്കാരെ പിടികൂടി കേസെടുക്കുന്നതിനൊപ്പം അവരെ ഡീ അഡിക്ഷൻ സെന്ററുകളിലെത്തിച്ച് നേർവഴിയിലേക്ക് നയിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് പി.എൽ. വിജിലാൽ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അടക്കം മികച്ച നിലയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം നടത്തി ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത മാതൃകാ എക്സൈസ് ഉദ്യോഗസ്ഥനാണ് വിജിലാലെന്നും പി.കെ. സനു പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ വിജിലാലിന് ലഹരിവിരുദ്ധ പുരസ്കാരം സമ്മാനിച്ചു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. പി.കെ. സനു ലഹരിവിരുദ്ധ പുരസ്കാര പ്രശസ്തി പത്രം വിജിലാലിന് സമ്മാനിച്ചു. എക്സൈസ് സി.ഐ കൃഷ്ണകുമാർ, ഇൻസ്പെക്ടർ രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, മനോജ് ലാൽ, കേരളകൗമുദി കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ, പരസ്യ മാനേജർ ആർ.ഡി. സന്തോഷ്, സർക്കുലേഷൻ മാനേജർ ഒ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. റിപ്പോർട്ടർ ബി. ഉണ്ണിക്കണ്ണൻ സ്വാഗതം ആശംസിച്ചു.