minnal

 സാദ്ധ്യത കൂടുതൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ

കൊല്ലം: വേനൽമഴയ്‌ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതകൂടിയുള്ളതിനാൽ കരുതൽ വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഇടിമിന്നൽ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ. ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാൽ പ്രഥമ ശുശ്രൂഷ നൽകുന്നത് വൈകിക്കരുത്‌. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കർശന മുന്നറിയിപ്പ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കെട്ടുറപ്പുള്ള കെട്ടിടങ്ങൾ, ജനാലകൾ അടച്ച കാറുകൾ എന്നിവയ്ക്കുള്ളിലേക്ക് മാറുക
2. പാറക്കെട്ടുകൾ, മലഞ്ചെരിവുകൾ എന്നിവിടങ്ങളിൽ അഭയം തേടരുത്
3. ജലാശയങ്ങൾ, വയലുകൾ എന്നിവിടങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുക
4. ഒറ്റപെട്ടതോ അല്ലാത്തതോ ആയ മരങ്ങൾക്ക് ചുവട്ടിൽ നിൽക്കരുത്
5. സുരക്ഷിതമായ സ്ഥലമില്ലെങ്കിൽ നിലത്ത് പന്തിന്റെ രൂപത്തിൽ ഇരിക്കുക. കാലുകൾ ചേർത്തുവച്ച് ഇരുകൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് തലതാഴ്ത്തി ചെവികൾപൊത്തി കണ്ണടച്ചിരിക്കുക.
6. നിലത്ത് നിവർന്ന് കിടക്കരുത്
7. വൈദ്യുതി ചാലകതയുള്ള വസ്തുക്കളുമായി സമ്പർക്കം ഒഴിവാക്കണം (ഫോൺ, കമ്പിവേലികൾ, വൈദ്യുതി ലൈനുകൾ)

8. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല
9. കൂട്ടം കൂടി നിൽക്കരുത്
10. കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക

 കെട്ടിടങ്ങൾക്കുള്ളിൽ

1. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഗെയിം സിസ്റ്റം, ഡ്രയർ, ഫ്രിഡ്ജ്, ടി.വി, എ.സി എന്നിവയുമായുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക
2. പൈപ്പുകളിലൂടെ മിന്നലിന് സഞ്ചരിക്കാനാകുമെന്നതിനാൽ കുളി, പാത്രം കഴുകൽ എന്നിവ ഒഴിവാക്കുക
3. കോൺക്രീറ്റ് ഭിത്തികളിലോ മറ്റോ പിടിപ്പിച്ചിരിക്കുന്ന ഫോൺ, ഇലക്ട്രിക് വയറുകളുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്
4. വാതിലുകൾ, ജനലുകൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക
5. പൂമുഖം, ഉയർന്ന മട്ടുപ്പാവ് എന്നിവിടങ്ങളിൽ നിൽക്കരുത്
6. കോൺക്രീറ്റ് നിലത്ത് കിടക്കുകയോ ഭിത്തികളിൽ ചാരുകയോ ചെയ്യരുത്

 ഇടിമിന്നലേറ്റാൽ

1. ശ്വാസം, ഹൃദയമിടിപ്പ് എന്നിവ പരിശോധിക്കുക. താടിയുടെ നേരെ താഴെയുള്ള കരോട്ടിഡ് ധമനിയാണ് പരിശോധിക്കാൻ ഉത്തമം
2. ശ്വാസ തടസം ഉണ്ടെങ്കിൽ കൃത്രിമ ശ്വാസം നൽകുക (വായിൽ നിന്ന് വായിലേക്ക്)
3. ഹൃദയമിടിപ്പ് ഇല്ലെങ്കിൽ കാർഡിയാക് കംപ്രഷൻ ആരംഭിക്കണം (സി.പി.ആർ)
4. മിന്നലിനെ അതിജീവിച്ച ആളാണെങ്കിൽ അസ്ഥികൾക്ക് ക്ഷതം, രക്ത സ്രാവം എന്നിവ പരിശോധിക്കുക
5. മിന്നലേറ്റയാളിന് പൊള്ളൽ, ആഘാതത്താലുള്ള പരിക്ക്, കാഴ്ച, കേഴ്വി തകരാറുകൾ ഉണ്ടാകാം
6. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വൈദ്യസഹായം ലഭ്യമാക്കുക

 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ


ദുരന്ത നിവാരണം: 1077, 1078
അത്യാഹിതം: 112
പൊലീസ്: 100
അഗ്നിശമനസേന: 101
ആംബുലൻസ്: 102, 108
വൈദ്യുതി ബോർഡ്: 1912

"
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇടിമിന്നലിൽ നാല് മരണങ്ങളാണുണ്ടായത്. ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം. ദേശീയ - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

ഡോ. എം.യു. ശ്രീജ

ഹസാർഡ് അനലിസ്റ്റ്, കൊല്ലം