roler
ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയ ബി. ജി. ബാൽശ്രേയസും വെള്ളി നേടിയ ലക്ഷ്മി എസ്. ദത്തും മുഖ്യ പരിശീലകൻ പി.ആർ. ബാലഗോപാലിനോടൊപ്പം

കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ചണ്ഡീഗഢിലെ മൊഹാലിയിൽ നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് വേണ്ടി കൊല്ലം ജില്ലയിലെ ബാൽശ്രേയസ് സ്വർണവും ലക്ഷ്‌മി.എസ്. ദത്ത് വെള്ളി മെഡലും നേടി.

റോളർ സ്‌കൂട്ടർ സീനിയർ, സബ് ജൂനിയർ വിഭാഗത്തിലാണ് ഇരുവരുടെയും നേട്ടം. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായിട്ടാണ് രണ്ടുപേർ നേട്ടം കൈവരിക്കുന്നത്. കൊല്ലം ജില്ലാ ചാമ്പ്യൻഷിപ്പിലും കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ഇതേ വിഭാഗത്തിൽ ഇരുവരും സ്വർണം നേടിയിരുന്നു. ടി.കെ.എം സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ അഞ്ചാം വർഷ വിദ്യാർത്ഥിയായ ബാൽശ്രേയസ് ആരോഗ്യ വകുപ്പ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫൈലേറിയ ഇൻസ്‌പെക്ടർ പി.ആർ. ബാലഗോപാലിന്റെയും കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഓഫീസ് ഓഫീസർ എൽ. ഗീതയുടെയും മകനാണ്. പേരൂർ അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിയായ ലക്ഷ്മി മൺറോത്തുരുത്ത് കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ്. സ്പീഡ് സ്കേറ്റിംഗ്, റോളർ ഹോക്കി സംസ്ഥാന അമ്പയർ പി.ആർ. ബാലഗോപാൽ മുഖ്യ പരിശീലകനായിട്ടുള്ള കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബിലെ അംഗങ്ങളാണ് ഇരുവരും.