tracker
ഉളിയനാട് ഏലായിൽ ചെളിയിൽ പുതഞ്ഞ ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ മുഖേന ഉളിയനാട് ഏലാസമിതിക്ക് വാങ്ങിനൽകിയ ട്രാക്ടർ ഉളിയനാട് ഏലായിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മാസങ്ങൾക്ക് മുമ്പ് നിലം ഉഴുന്നതിനിടെ ചെളിയിൽ പുതഞ്ഞ ട്രാക്ടർ ബന്ധപ്പെട്ടവർ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു.

നെൽക്കൃഷിക്ക് വേണ്ടിയുള്ള പ്രത്യക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ട്രാക്ടറാണ് ചെളിയിൽ പുതഞ്ഞ് തുരുമ്പെടുത്ത് നശിക്കുന്നത്. വാങ്ങുന്നതിനും പരിപാലനത്തിനുമായി ലക്ഷങ്ങൾ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പോളച്ചിറ കുഴുപ്പിൽ, ചിറക്കര, ഉളിയനാട് ഏലാകൾക്കായി ട്രാക്ടർ വാങ്ങി നൽകിയത്.

ചിറക്കര കൃഷിഭവനും ഏലാസമിതിയും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിൽ തുടരുന്നതെന്ന് ആരോപിച്ച് കർഷകർ രംഗത്തെത്തി. വേനൽമഴ കാര്യമായി ലഭിക്കുന്നതിനാൽ ഇടവിളകൾക്കും നെൽക്കൃഷിക്കും നിലം തയ്യാറാക്കാൻ ട്രാക്ടർ ലഭിച്ചിരുന്നെങ്കിൽ വലിയ സഹായമാകുമായിരുന്നെന്ന് കർഷകർ പറയുന്നു. പത്താമുദയത്തിന് വിതയ്ക്കാനും ഞാറുനടാനും കാത്തിരുന്ന പരമ്പരാഗത കർഷകർക്കാണ് തിരിച്ചടിയായത്.