attacj

കൊല്ലം: പാരിപ്പള്ളി മീനമ്പലം കാട്ജാതി ഭാഗത്ത് കോളനി കേന്ദ്രീകരിച്ച് ഗുണ്ടകളുടെ ആക്രമണം വ്യാപകമാകുന്നതായി പരാതി. പൊലീസിൽ പരാതി നൽകിയിട്ടും അനുകൂല നടപടിയുണ്ടാകുന്നില്ലെന്ന് കോളനി നിവാസികൾ ആരോപിച്ചു.

കഴിഞ്ഞമാസം 26ന് രാത്രിയിൽ കാട്ജാതി കോളനിയിലുള്ള നാലോളം യുവാക്കളെ തൊട്ടടുത്തുള്ള നഞ്ചൻവിള കോളനിയുള്ളവർ ആക്രമിച്ചതായാണ് പരാതി. തൊട്ടടുത്ത ദിവസം പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഒൻപതിന് വീണ്ടും സമാനമായ രീതിയിൽ ആക്രമണമുണ്ടായിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായും പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്ത് വാഹനങ്ങളിലെത്തുന്നവർ ഭീതിപരത്തുകയും കൊലവിളി നടത്തുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

കാട്ജാതി കോളനിയിലെ പന്ത്രണ്ടോളം പേർ ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികൾക്ക് പരീക്ഷയ്ക്ക് പോകാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വേടർ ഗോത്രമഹാസഭ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്ത് ലഹരി വിൽപ്പന വ്യാപകമാണ്. ഇതേതുടർന്നാണ് ഗുണ്ടാ ആക്രമണങ്ങൾ പതിവാകുന്നത്. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സഭ സംസ്ഥാന പ്രസിഡന്റ് കക്കോട് സുരേഷ്, ജന. സെക്രട്ടറി ശ്രീകണ്ഠൻ ചെമ്മരതി, ജില്ലാ സെക്രട്ടറി രാജേഷ് കല്ലുവാതുക്കൽ, സംസ്ഥാന പ്രസീഡിയം അംഗം വിനോദ് കടയ്ക്കൽ എന്നിവർ പറഞ്ഞു.

 നിസാര സംഭവമെന്ന് പൊലീസ്

കാട്ജാതി കോളനിയിലെ ചില യുവാക്കൾ റോഡിൽ ബൈക്ക് റേസിംഗ് നടത്തിയത് നഞ്ചൻവിള കോളനിയിലുള്ളവർ ചോദ്യം ചെയ്തതോടെയാണ് പരസ്പര സംഘർഷമുണ്ടായതെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുള്ളവരെ ഇടപെടുത്തി പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു. രാത്രികാല പട്രോളിംഗ് ശക്തമാക്കിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അവരുടെ സുരക്ഷയ്ക്കായാണ് പട്രോളിംഗ് ശക്തമാക്കിയത്.

ഇരുകോളനികളിലുള്ളവരും പരസ്പരം സഹകരിക്കുന്നവരാണ്. യുവാക്കൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇരുകോളനികളിലെയും താമസക്കാർ അക്രമഭീതിയിലാണ്. അത് ലഘൂകരിക്കാനുള്ള നടപടികളാണ് ഇപ്പോൾ പൊലീസ് സ്വീകരിക്കുന്നത്. പരസ്പരം അക്രമ ഭയപ്പാടിൽ കഴിയുന്നവർ തമ്മിൽ സംഘർഷമുണ്ടാക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ കൃത്യമായി ഇവിടം നിരീക്ഷിക്കുന്നുണ്ടെന്നും പാരിപ്പള്ളി എസ്.എച്ച്.ഒ ടി. സതികുമാർ പറഞ്ഞു.