കൊല്ലം: ഇടയ്ക്കിടെ മഴ വില്ലനായെങ്കിലും വഴിവക്കുകളിൽ നിറയെ കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണ വിഗ്രഹങ്ങളുമായി വിഷു വിപണി പൂത്തുലഞ്ഞു. വസ്ത്രശാലകളിലും ജൂവലറികളിലും ഇന്നലെ വലിയ തിരക്കായിരുന്നു.
ഒരുപിടി കൊന്നപ്പൂവിന് 30 രൂപ. ഒന്ന് വില പേശുമ്പോൾ 20 രൂപയ്ക്ക് തരും. വലിയ പിടിക്ക് 50 രൂപയാണ്. വാങ്ങുമെന്ന് ഉറപ്പായാൽ 40 രൂപയ്ക്ക് തരും. പ്രധാന ജംഗ്ഷനുകളിൽ മാത്രമല്ല വഴിയോരങ്ങളിൽ പോലും കണിക്കൊന്ന കച്ചവടക്കാർ നിരന്നു. നാട്ടിലെ കൊന്നയെല്ലാം നേരത്തെ പൂത്ത് കൊഴിഞ്ഞതിനാൽ ജനങ്ങൾ കണിക്കൊന്നയ്ക്കായി പരക്കം പായുകയായിരുന്നു.
വൈകിട്ട് അഞ്ച് കഴിഞ്ഞതോടെ കണിക്കൊന്ന കച്ചവടക്കാർക്ക് മുന്നിൽ വലിയ ആൾക്കൂട്ടമായി. കണി വെള്ളരിക്ക് ഇന്നലെ മതിപ്പ് വിലയായിരുന്നു. ചെറുതിന് 20 രൂപ വീതയാണ് കച്ചവടക്കാർ പിടിച്ചുവാങ്ങിയത്. നാട്ടുകാരുടെ വിഷുക്കണി കെങ്കേമമാക്കാൻ ചക്ക, കുലമാങ്ങ തുടങ്ങിയവയുമായും കച്ചവടക്കാർ നിരത്തുകളിലെത്തി. ഇടത്തരം വരിക്ക ചക്കയ്ക്ക് 100 രൂപ വരെയായിരുന്നു വില. കണിയൊരുക്കാനുള്ള കിറ്റും വിപണിയിൽ ലഭ്യമായിരുന്നു. കൊന്നപ്പൂവ് ഉൾപ്പെടെ 150 രൂപയ്ക്കും 200 രൂപയ്ക്കുമാണ് വിറ്റഴിച്ചത്. രാത്രി വൈകിയും കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും കച്ചവടം അവസാനിച്ചിരുന്നില്ല.
കൊവിഡ് മറന്ന് കച്ചവടം
കൃഷ്ണ രൂപങ്ങളുമായി തെരുവുകളിൽ തമ്പടിച്ചിരുന്ന അന്യസംസ്ഥാനക്കാർക്കും ഇന്നലെ കോളായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വിഷുക്കോടി വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വസ്ത്രശാലകൾ കൊവിഡിനിടയിലും ആവേശത്തിലായി. പൂ വിപണിയിലും കച്ചവടം കൊഴുത്തു. ക്ഷേത്രങ്ങളിൽ നിന്ന് വളരെ നേരത്തെ തന്നെ പൂമാലകൾക്കായി കൂടുതൽ ഓർഡർ നൽകിയിരുന്നു. കൃഷ്ണവിഗ്രഹം അലങ്കരിക്കാൻ വീട്ടമ്മമാരും പൂക്കൾ തേടിയെത്തി. പക്ഷെ പലചരക്ക് വിപണിയിൽ കാര്യമായ ഉണർവ് ഉണ്ടായില്ല. എന്നാൽ പഴക്കടകളിലും ബേക്കറികളിലും കച്ചവടം വൻതോതിൽ ഉയർന്നു. ആഭരണശാലകളിൽ ദക്ഷിണ നൽകാനുള്ള സ്വർണനാണയങ്ങൾ വാങ്ങാനായിരുന്നു തിരക്ക്.
പടക്ക വിപണി നനഞ്ഞു
ഇടയ്ക്കിടെ എത്തിയ മഴ വിഷുത്തലേന്നത്തെ പടക്ക കച്ചവടത്തെ ബാധിച്ചു. പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ ജംഗ്ഷനുകളിലെ ഒഴിഞ്ഞ മൂലകൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. വൈകിട്ട് അഞ്ചോടെ ജനങ്ങൾ കവലകളിലേക്ക് ഒഴുകിയെത്തി. അപ്പോഴേക്കും മഴ പലയിടങ്ങളിലും ഒരുപോലെ തിമിർത്ത് പെയ്തു തുടങ്ങി. ഇത് വിഷുക്കാലത്ത് പോക്കറ്റ് നിറയ്ക്കാമെന്ന പടക്കക്കച്ചവടക്കാരുടെ സ്വപ്നത്തെ നനച്ചുകളഞ്ഞു.
ഒരുപിടി കൊന്നപ്പൂവ്: 30 രൂപ
കണിവെള്ളരി: 20 രൂപ (ചെറുത്)
വരിക്ക ചക്ക: 100 രൂപ
കണിക്കിറ്റ്: 150 - 200 രൂപ