കരുനാഗപ്പള്ളി: ലോക കലാദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെയും ആർട്ട് എക്സിബിഷന്റെയും പുനരധിവാസത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 9.30ന് വലിയത്ത് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കും. ചെയർമാൻ വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും. ട്രാഫിക് നിയമങ്ങളെക്കുറിച്ച് കരുനാഗപ്പള്ളി സി.ഐ വിൻസന്റ് എം.എസ്. ദാസ് ക്ലാസ് നയിക്കും. ഹോർട്ടികൾച്ചറുമായി ബന്ധപ്പെട്ട ക്ലാസ് കൃഷി ഓഫീസർ വീണ വിജയനും രക്ഷാകർത്താക്കൾക്കുള്ള പരിശീലന ക്ലാസ് ന്യൂറോളജിസ്റ്റ് ഡോ. പി.എ. സുരേഷും നയിക്കും. തുടർന്ന് ന്യൂറോ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന ആർട്ട് ആൻഡ് ക്രാഫ്ട് ട്രെയിനിംഗ് സംഘടിപ്പിക്കും. വിവിധ പരിശീലനങ്ങൾക്ക് വലിയം മെമ്മോറിയൽ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകും. വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജിയുടെയും മറ്റു മെഡിക്കൽ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ആകാശ്, ഡോ. നവ്യ, ഡോ. ഷിബു എന്നിവർ പങ്കെടുത്തു.