പത്തനാപുരം: കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി ഒട്ടേറെ ഉത്‌പന്നങ്ങളുമായി വിഷുവിപണി സജീവമായി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ വിഷുവിപണി തീർത്തും നിർജീവമായിരുന്നു. കൊന്നപ്പൂവ് വിൽക്കുന്ന ചെറിയ സ്ഥലങ്ങൾ മുതൽ കാർഷിക ഉത്പന്ന വിപണന കേന്ദ്രങ്ങളിൽ വരെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കണി ഒരുക്കുന്നതിന് ആവശ്യമായ കൈതച്ചക്ക, ആപ്പിൾ, മുന്തിരി, ഓറഞ്ച്, കണിക്കൊന്ന പൂവ്, കണി വെള്ളരി, കുമ്പളങ്ങ തുടങ്ങിയവയ്ക്ക് നല്ല ഡിമാൻഡാണെന്ന് കച്ചവടക്കാർ പറയുന്നു. രണ്ടാംവരവിൽ കൊവിഡ് വ്യാപിക്കുന്നതിനാൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നുള്ള ആഘോഷങ്ങൾ ഇത്തവണയും കുറയാനാണ് സാദ്ധ്യത.
കണിവിഭവങ്ങളുടെ കിറ്റ്
കൊന്നപ്പൂക്കൾ പ്രത്യേകം വാഹനങ്ങളിലെത്തിച്ച് നൽകുന്നവരും കണിവിഭവങ്ങൾ കിറ്റായി നൽകുന്ന വ്യാപാരിളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച് കച്ചവടം പൊടിപൊടിക്കുകയാണ്. ചാന്ത്, പൊട്ട്, കൺമഷി, കരിവള, കരിമണിമാല തുടങ്ങിയവ വിൽക്കുന്ന കടകളിലും നല്ല തിരക്കാണ്. കുട്ടികളെ ആകർഷിക്കാനായി കളിയൂഞ്ഞാലും ഒരുക്കിയിരുന്നു.