rob-junction
ആർ.ഒ.ബി ജംഗ്‌ഷനിൽ ഒരേപാതയിലൂടെ ഇരുവശത്തേക്കും യാതചെയ്യുന്ന വാഹനങ്ങൾ

 വളവും തിരിവും അറിയാതെ ഡ്രൈവർമാർ

കൊല്ലം: എസ്.എൻ കോളേജിന് സമീപത്തുള്ള ആർ.ഒ.ബി ജംഗ്‌ഷനിൽ വാഹനവുമായി എത്തുന്നവർ ആദ്യമൊന്ന് പതറും. ജംഗ്‌ഷനിലെ ഡിവൈഡർ സംവിധാനം പെട്ടെന്ന് മനസിലാക്കാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ലെന്നതാണ് കാരണം. സ്ഥിരം യാത്രക്കാരൊഴികെ വാഹനം നിറുത്തി അൽപ്പനേരം ചിന്തിച്ച ശേഷമാണ് യാത്ര തുടരുന്നത്.

എ.ആർ ക്യാമ്പിൽ നിന്ന് മേൽപ്പാലം വഴി കൊച്ചുപിലാംമൂട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിൽ മിക്കതും പാത തെറ്റിച്ചാണ് പാലത്തിലേക്ക് കയറുന്നത്. പാലമിറങ്ങി കോളേജ് ജംഗ്‌ഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ പാതയിലൂടെയാണ് ഇവർ സഞ്ചരിക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങളെത്തുമ്പോൾ പലപ്പോഴും നേർക്കുനേർ നിറുത്തിയിടേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇവിടെ നിന്ന് പാലത്തിലേക്ക് കയറാൻ കൃത്യമായ പാതയില്ലെന്ന ധാരണയിലാണ് മിക്കവരും ഇത്തരത്തിൽ ചെയ്യുന്നത്. ഇതുമൂലം ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതും പതിവാണ്.

 ട്രാഫിക് വാർഡന്മാരെ നിയോഗിക്കണം

ക്യാമ്പിന്റെ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അല്പം കൂടി മുന്നോട്ട് നീങ്ങിയശേഷം വലത് തിരിഞ്ഞ് കോളേജ് ജംഗ്‌ഷനിൽ നിന്ന് പാലത്തിലേക്കുള്ള പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്. പാത ഏതാണെന്ന് ബോദ്ധ്യപ്പെടുത്തിയാലും ഇവിടെയെത്തുമ്പോൾ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. ട്രാഫിക് വാർഡന്മാരെ നിയോഗിച്ച് ഗതാഗതനിയന്ത്രണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

 ഇതുവഴി വേണം യാത്ര

1. എ.ആർ ക്യാമ്പ് ജംഗ്‌ഷനിൽ നിന്ന് മേൽപ്പാലത്തിലേക്ക് കയറുന്ന വാഹനങ്ങൾ ആർ.ഒ.ബി ജംഗ്‌ഷന് കിഴക്ക് ഭാഗത്ത് ഡിവൈഡർ ആരംഭിക്കുന്നിടത്ത് നിന്ന് വലത് തിരിഞ്ഞ് പാലത്തിലേക്കുള്ള ഇടതുചേർന്ന പാത (കോളേജ് ജംഗ്‌ഷൻ- മേൽപ്പാലം) ഉപയോഗിക്കണം.

2. മേൽപ്പാലത്തിൽ നിന്ന് കൊട്ടിയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും ഇടത് തിരിയാതെ ഡിവൈഡർ സ്ഥാപിച്ച രണ്ടാംപാത വഴി പഴയ ദേശീയപാത മുറിച്ചുകടക്കണം

3. മേൽപ്പാലത്തിൽ നിന്ന് എ.ആർ ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ളവ ഇടത് തിരിഞ്ഞ് യാത്ര ചെയ്യണം