pho

പുനലൂർ: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒൻപതംഗ സംഘം വീടുകയറി ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെക്കൂടി പുനലൂർ പൊലീസ് അറസ്റ്റ്ചെയ്തു.
വളകോട് മരൻകോട് ചരുവിള വീട്ടിൽ സന്തോഷ് കുമാർ (42)​,​ തുമ്പോട് വിജയവിലസത്തിൽ വിശാഖ് (28)​,​ മരൻകോട് ചരുവിളവീട്ടിൽ വിഷ്ണു (33)​ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മോഹനൻ, സുനിൽ എന്നിവരെ സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നാലുപേർ ഒളിവിലാണ്.

വിളക്കുവെട്ടം കല്ലാർ 12 ഏക്കർ തടത്തിൽവീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ബാബുവാണ് (58) മരിച്ചത്. ഞായറാഴ്ച രാത്രി 10.30 ഓടെ കല്ലാർ വാർഡിലെ 12 ഏക്കറിലായിയിരുന്നു സംഭവം. മരിച്ച സുരേഷ് ബാബുവിന്റെ മകൻ സുർജിത്ത് വീടിന് അൻപത് മീറ്റർ അകലെ റോഡിലേക്കിറക്കി ബൈക്ക് പാർക്ക് ചെയ്തെന്ന് പറഞ്ഞ് മറ്റൊരു ബൈക്കിലെത്തിയ മോഹനനും സുനിലും ശകാരിച്ചു. തുടർന്ന് വാക്കേറ്റവും കൈയാങ്കളിയുമായി. മടങ്ങിപ്പോയ മോഹനനും സുനിലും ബന്ധുക്കളുമായി വന്ന് വീടുകയറി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഹനൻ, സുനിൽ, സന്തോഷ് എന്നിവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി. മറ്റ് രണ്ടുപേരെ ഇന്ന് ഹാജരാക്കും. പാരിപ്പള്ളി മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ സുരേഷ് ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.