കൊട്ടാരക്കര: കുളക്കട പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതിനാൽ ജനങ്ങൾ പൊതുനിരത്തുകളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയാണ്. ദിവസങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ അഴുകി അസഹ്യമായ ദുർഗന്ധം വമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
കുളക്കട പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ കലയപുരം ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലുമുള്ളവരിൽ ചിലർ മാലിന്യം മൈലം പഞ്ചായത്തിലെ പാടത്തേക്കാണ് വലിച്ചെറിയുന്നത്. പുലമൺ തോടിന് സമീപമുള്ള വയലേലകളിൽ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലും കെട്ടി മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്.