പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്
കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം ഉയർന്നതോടെ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഹാർബറുകളിലും തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളിലും പരിശോധന ആരംഭിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പരിശോധനയും കൊല്ലം ഡിപ്പോയിൽ പൂർത്തിയായി. ഇന്നും നാളെയും ഓട്ടോ - ടാക്സി ഡ്രൈവർമാർക്ക് കൊവിഡ് പരിശോധന നടത്തും. അത്യാവശ്യഘട്ടത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവ കൊവിഡ് ആശുപത്രിയാക്കി മാറ്റും. രണ്ട് കൊവിഡ് ഫസ്റ്റ് ലെവൽ കെയർ സെന്ററുകളും രണ്ട് സെക്കൻഡറി കെയർ സെന്ററുകളും പുതുതായി ആരംഭിക്കാനും തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ഹെൽത്തി കേരളയുടെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവരുടെ സംയുക്ത പരിശോധന തുടരുകയാണ്.
ഗർഭിണികളിൽ കൊവിഡ് ബാധിതർ, പ്രമേഹമുള്ളവർ എന്നിവരുടെ പ്രസവവും പരിചരണവും വിക്ടോറിയ ആശുപത്രിയിലും മറ്റുള്ളവർക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് ദിവസവും രക്തത്തിലെ ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവ നിരീക്ഷിക്കണമെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അടിയന്തര ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആർ.ടി.പി.സി.ആർ നിർബന്ധം
വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ കൈവശം 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ജില്ലയിലെത്തിയാൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. രോഗബാധയില്ലെങ്കിലും ഏഴുദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വീണ്ടും പരിശോധിക്കണം.
പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിൽ
ഇട്ടിവ, കരവാളൂർ, കൊറ്റങ്കര, കുലശേഖരപുരം, ഓച്ചിറ, പത്തനാപുരം, പിറവന്തൂർ, തെന്മല, തൃക്കരുവ, എരൂർ പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്.
പുതിയ കിടക്കകൾ: 226
ഐ.സി.യു കിടക്കകൾ: 66
ഡയാലിസിസ് രോഗികൾക്കുള്ള കിടക്കകൾ: 6
ആശുപത്രി - സജ്ജമാക്കിയ കിടക്കകൾ - ഐ.സി.യു കിടക്കകൾ
പാരിപ്പള്ളി മെഡിക്കൽ കോളേജ് - 100 - 40
ജില്ലാ ആശുപത്രി - 50 - 16
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി - 25 - 2
കൊട്ടാരക്കര താലൂക്ക് ആശുപത്രി - 8 - 2
വിക്‌ടോറിയ ആശുപത്രി -10 - 0
പുനലൂർ താലൂക്ക് ആശുപത്രി - 20 - 0
നെടുങ്ങോലം താലൂക്ക് ആശുപത്രി - 25 - 0
''
കൊവിഡ് രണ്ടാം വരവിനെ നേരിടാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. പൊതുസമൂഹം ജാഗ്രതയോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
ഡോ. ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ