ചാത്തന്നൂർ: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചിറക്കര ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. മെഡിക്കൽ ഓഫീസർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീതൊഴിലുറപ്പ് ജീവനക്കാർ എന്നിവരുടെ യോഗം ചേർന്ന് വ്യാപനം തടയുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കി.
ബോധവത്കരണത്തിനായി നിലവിലുള്ള വാർഡുതല കർമ്മസമിതിയെ ചുമതലപ്പെടുത്തി. ഈ മാസം17നകം 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തീകരിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത പൊതുപ്രവർത്തകർ തുടങ്ങിയവർക്കുള്ള കൊവിഡ് പരിശോധന അടിയന്തിരമായി നടത്തും. വാക്സിനേഷനായി മേഖലാടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് സി. സുശീലാദേവി, സെക്രട്ടറി എം. സുരേഷ്ബാബു എന്നിവർ അറിയിച്ചു.