ശാസ്താംകോട്ട: നിർമ്മാണം കഴിഞ്ഞ് 29 വർഷം കഴിഞ്ഞിട്ടും ശാസ്താംകോട്ട ഭരണിക്കാവിലെ കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷമില്ല. 1992ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ്. ഡോ.ബി.ആർ. അംബേദ്ക്കർ സ്മാരക മന്ദിരമായാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. പൊതു പരിപാടികളും വിവാഹങ്ങളും നടത്തുക എന്ന ലക്ഷ്യത്തോടെ പണി കഴിപ്പിച്ച കെട്ടിടം സമയത്തിന് പ്രവർത്തനം ആരംഭിക്കാൻ അധികൃതർ മുൻകൈയ്യെടുക്കാത്തതാണ് കമ്മ്യൂണിറ്റി ഹാളിന്റെ നാശത്തിന് കാരണം.
തർക്കങ്ങൾക്ക് പരിഹാരം
ഉടമസ്ഥാവകാശത്തെ ചൊല്ലി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും തമ്മിൽ കോടതിയിൽ കേസായതോടെ ഹാൾ തുറക്കുന്ന കാര്യം നീണ്ട് പോയി. കേസിൽ പഞ്ചായത്തിന് അനുകൂലമായി വിധി വന്നെങ്കിലും തുടർന്നും പഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രമം നടത്തിയില്ല. താലൂക്ക് വികസന സമിതിയിൽ വിഷയം നിരന്തരം ചർച്ചയാകുകയും ദളിത് സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വരികയും ചെയ്തതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻകൈ എടുത്ത് കമ്മ്യൂണിറ്റി ഹാൾ പ്രവർത്തന സജ്ജമാക്കാമെന്ന് ഉറപ്പ് നൽകി. പരിസരത്തെ കാടും മറ്റും വെട്ടിത്തെളിയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾ ഒന്നു ഉണ്ടായില്ല.
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം
കമ്മ്യൂണിറ്റി ഹാളിന്റെ പരിസരം വീണ്ടും കാട് നിറഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കെട്ടിട്ടുവുമാണ് ആർക്കും പ്രയോജനപ്പെടാതെ നശിക്കുന്നത്. മറ്റ് പല മേഖലകളിലും ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള കമ്മ്യൂണിറ്റി ഹാളുകൾ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ഉപയോഗപ്പെടുത്തി വരികയാണ്.