കരുനഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന കായൽ തീരങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് മാസമായി കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. വീട്ടുവളപ്പിലെ കിണറുകളും പൊതു കുളങ്ങളും വറ്റി വരണ്ടതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം. വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും തീരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം അതേ പടി തുടരുകയാണ്.
ഉൾ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി നെട്ടോട്ടം
കരുനാഗപ്പള്ളി നഗരസഭയിൽ നിന്ന് ടാങ്കർ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളം മാത്രമാണ് നാട്ടുകാർക്ക് ആശ്രയം. നഗരസഭയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് നഗരസഭ കുടിവെള്ളം വിതരണം ചെയ്യുന്നത്. റോഡ് വക്കിലുള്ള വീടുകളിൽ കുടിവെള്ളം സുലഭമായി ലഭിക്കുമ്പോൾ വാഹനങ്ങൾ കടന്ന് ചെല്ലാൻ കഴിയാത്ത ഉൾ പ്രദേശങ്ങളിൽ നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോടമോടുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഉൾപ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഇതിലൂടെ വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത് . രാത്രിയിൽ നാട്ടുകാർ ഒരിറ്റ് വെള്ളത്തിനായി പൈപ്പ് ലൈനിന്റെ ചുവട്ടിൽ ഉറങ്ങാതെ കാത്തിരിക്കുകയാണ്. രാത്രിയിൽ വെള്ളം എത്തിയാലും അത് നൂല് വണ്ണത്തിൽ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
കാലവർഷം വരെ തുടരും
വേനൽ കഠിനമായതോടെ ഭൂഗർഭ ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. . ഇതോടൊപ്പം തന്നെ ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉപഭോഗം വർദ്ധിക്കുകയും ചെയ്തു. ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞതിനാൽ നാട്ടുകാർക്ക് ആവശ്യത്തിനുള്ള വെള്ളം നൽകാൻ സാധിക്കുന്നില്ല. കാലവർഷം ആരംഭിക്കുന്നതുവരെ ഈ നില തുടരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.