ambulance

കൊല്ലം: സ്വകാര്യ ആംബുലൻസുകൾ നിർദ്ധനരോഗികളെ കൊള്ളയടിക്കുമ്പോൾ എം.എൽ.എ, എം.പി ഫണ്ടുകൾ വിനിയോഗിച്ച് ജില്ലാ ആശുപത്രിയിലേക്ക് വാങ്ങിയ മൂന്ന് പുത്തൻ ആംബുലൻസുകൾ ഷെഡിൽ കിടന്ന് പൊടിപിടിക്കുന്നു. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാത്തതാണ് ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ആംബുലൻസുകൾ നിരത്തിലിറക്കാൻ തടസമാകുന്നത്. അധികൃതരുടെ മെല്ലെപ്പോക്കാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

ജില്ലാ ആശുപത്രിയിൽ നിലവിൽ അഞ്ച് അംബുലൻസുകളാണുള്ളത്. ഇതിൽ കാലപ്പാഴക്കം കാരണം ഒരെണ്ണം ഉപയോഗയോഗ്യമല്ല. രണ്ടാമത്തേത് കൊവിഡ് വാക്സിനേഷനായി നൽകിയിരിക്കുകയാണ്. പിന്നീടുള്ളവയിൽ രണ്ടെണ്ണം എം. മുകേഷ് എം.എൽ.എയുടെയും ഒരെണ്ണം എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയതാണ്.

എം.എൽ.എയുടെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആംബുലൻസുകൾ തിരഞ്ഞെടുപ്പിന് മുൻപ് ഫ്ലാഗ് ഓഫ് ചെയ്തെങ്കിലും ഇതുവരെ രജിസ്ട്രേഷൻ നടന്നില്ല. എൻ.കെ. പ്രേമചന്ദ്രൻ എം.പി രണ്ട് വർഷം മുൻപ് ഐ.സി.യു ആംബുലൻസ് വാങ്ങാനാണ് പണം അനുവദിച്ചത്. നടപടി വൈകിയതിനാൽ അനുവദിച്ച പണത്തിൽ വാഹനം വാങ്ങാൻ മാത്രമാണ് കഴിഞ്ഞത്. ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഇനി നാല് ലക്ഷം രൂപ കൂടി വേണം.

 108 കിട്ടാനില്ല

ജില്ലയിൽ ഇരുപത്തിയൊന്ന് 108 ആംബുലൻസുകളാണുള്ളത്. ഇതിൽ 16 എണ്ണം കൊവിഡ് ബാധിതർക്കായി മാറ്റിവച്ചിരിക്കുകയാണ്. ബാക്കിയുള്ള അഞ്ചെണ്ണം ഓച്ചിറ, കുണ്ടറ, നിലമേൽ, കുളത്തൂപ്പുഴ, നീണ്ടകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. ഇവയുടെ സേവനം ലഭിക്കുന്നത് വളരെക്കുറച്ച് പേർക്ക് മാത്രവും. 108ൽ വിളിച്ചാൽ പലപ്പോഴും ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.

അതേസമയം, 108 ആംബുലൻസുകൾ രോഗികളെ നിർബന്ധപൂർവം സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോകുന്നതായി പരാതിയുണ്ട്. എന്നാൽ രോഗികളോ കൂടയുള്ളവരോ നിർബന്ധിക്കുമ്പോൾ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതെന്നും ഇക്കാര്യം രേഖാമൂലം എഴുതിവാങ്ങാറുണ്ടെന്നും ആംബുലൻസ് കൺട്രോൾ റൂം വ്യക്തമാക്കി.

'' രണ്ട് ആംബുലൻസുകളുടെ സേവനം വൈകാതെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഴയ ആംബുലൻസുകളിലൊന്ന് നിരത്തിലിറക്കാൻ കഴിയുന്ന അവസ്ഥയിലല്ല.''

ഡോ. വസന്തദാസ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)