പത്തനാപുരം: കഴിഞ്ഞ ഒരു വർഷമായി പത്തനാപുരം പട്ടാഴി പന്തപ്ലാവ് സർക്കാർ വിദ്യാലയത്തിൽ
ഒരു അദ്ധ്യാപകൻ പോലുമില്ല. 46 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.പട്ടാഴി പഞ്ചായത്തിലെ
മൈലാടുംപാറ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയുന്നത്. ഒന്നര വർഷം മുമ്പ് പ്രഥമ അദ്ധ്യാപകനും മൂന്ന് താത്ക്കാലിക അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. എന്നാൽ പ്രഥമ അദ്ധ്യാപകൻ സ്കൂൾ പി.ടി.എ അധികൃതരോട് പോലും പറയാതെ സ്ഥലംമാറി പോവുകയാണ് ഉണ്ടായത്.
ഓൺലൈൻ പഠനവും നടക്കുന്നില്ല
പന്തപ്ലാവ് സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം പോലും അന്യമാണ്. ആവശ്യമായ നോട്ടുകൾ അയച്ച് കൊടുക്കാനോ കുട്ടികളുടെ കാര്യങ്ങൾ തിരക്കാനോ പോലും ആളില്ലാത്ത ദയനീയ അവസ്ഥ.
രക്ഷിതാക്കൾ നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. സാധാരണ കുടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാലയത്തിൽ അദ്ധ്യാപകരില്ലാതായതോടെ മിക്ക കുട്ടികളും മറ്റ് സ്കൂളുകളിലേക്ക് ചേക്കേറി.അദ്ധ്യാപകരെ നിയമിച്ച് വിദ്യാർത്ഥികളുടെ പഠന അവകാശം ഉറപ്പ് വരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.