pho

പുനലൂർ: വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സംഘംചേർന്ന് വീടുകയറി ആക്രമിക്കുകയും ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പിതാവും മകനുമടക്കം മൂന്ന് പേരെക്കൂടി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് തുമ്പോട് മാരാൻകോട് കാഞ്ഞിരംവിള വീട്ടിൽ ജയരാജൻ (52), മകൻ അജയകുമാർ (28), ഏനാദിമംഗലം കുറുമ്പകര പ്ലാമൂട്ടിൽ വീട്ടിൽ വിജേഷ് (36) എന്നിവരെയാണ് ബുധനാഴ്ച പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ അറസ്റ്റിലായ മോഹനൻ, സുനിൽ, സന്തോഷ്‌കുമാർ, വിശാഖ്, വിഷ്ണു എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വിളക്കുവെട്ടം കല്ലാർ 12 ഏക്കർ തടത്തിവിള വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ബാബുവാണ് (58) മരിച്ചത്. സുരേഷ് ബാബുവിന്റെ മകൻ സുർജിത്ത് വീടിന് സമീപത്ത് റോഡിലേക്കിറക്കി ബൈക്ക് പാർക്ക് ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്. തുടർന്ന് രാത്രിയോടെ പ്രതികൾ സംഘംചേർന്നെത്തി സുരേഷ് ബാബുവിനെയും കുടുംബത്തെയും വീടുകയറി ആക്രമിക്കുകയായിരുന്നു. മോഹനനെയും സുനിലിനെയും സംഭവദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ്‌കുമാർ,​ വിശാഖ്,​ വിഷ്ണു എന്നിവർ ചൊവ്വാഴ്ചയും പിടിയിലായി.