കൊല്ലം: കാഷ്യു കോർപ്പറേഷന്റെ ഉൾപ്പെടെയുള്ള കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഫാക്ടറികളിൽ കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ കത്തിനെ തുടർന്നാണ് നടപടി.
45 വയസിന് മുകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ എടുക്കുന്നത്. ഇന്ന് കൊല്ലം കാഞ്ഞാംകാട് ഫാക്ടറിയിലെ തൊഴിലാളികൾക്ക് വാക്‌സിൻ നൽകും. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ഫാക്ടറികളിലും കുത്തിവയ്പ്പിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
മാനദണ്ഡങ്ങൾ പാലിക്കണം
മുടക്കം കൂടാതെ ജോലിനൽകാനുള്ള തോട്ടണ്ടി ലഭ്യമായ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ തൊഴിലാളികളും ജീവനക്കാരും തയ്യാറാകണം. സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവ കൃത്യമായി പാലിക്കണം. ജോലിക്ക് വരുമ്പോഴും പുറത്തിറങ്ങുമ്പോഴും കൂട്ടംകൂടി നിൽക്കരുത്. ഫാക്ടറികളുടെ മുന്നിൽ വ്യാപാരം നടത്തുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ചെയർമാൻ അറിയിച്ചു.