കൊല്ലം: നഗരത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനീകരണം തടയാനും പുതിയ നിയമം വരുന്നു. 2016ലെ കേന്ദ്ര വേസ്റ്ര് മാനേജ്മെന്റ് ചട്ടവും കേരള മുനിസിപ്പാലിറ്റി ആക്ടും അടിസ്ഥാനമാക്കിയാണ് പുതിയ ഉപനിയമാവലി നിലവിൽ വരുന്നത്. തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് തയ്യാറാക്കിയ ഉപനിയമാവലിക്ക് അംഗീകാരം നൽകും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനവും വില്പനയും ഉപയോഗവും കർശനമായി നിയന്ത്രിക്കും. നഗരത്തിൽ കുമിഞ്ഞുകൂടുന്ന പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറണം.
ലക്ഷ്യങ്ങൾ
പൊതുസ്ഥലങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുക
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനും പുനരുപയോഗത്തിനും ശാസ്ത്രീയ സംവിധാനം
പ്ലാസ്റ്റിക് മാലിന്യം മൂലം ജലാശയങ്ങൾ മലിനമാവുന്നതും ഓടകളുടെ ഒഴുക്ക് തടസപ്പെടുന്നതും തടയൽ
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽക്കില്ലെന്ന് ബോർഡ് വെയ്ക്കണം
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിൽക്കില്ലെന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ എന്നിവയിൽ ഭക്ഷണ സാധനങ്ങളും വിൽക്കാൻ പാടില്ല. പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ നഗരസഭ കൂടുതൽ വേഗത്തിലാക്കും.
നിയമം ലംഘിച്ചാൽ
(നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന, സംഭരണം)
ആദ്യതവണ : 10000 രൂപ
രണ്ടാം തവണ: 25000 രൂപ
തുടർന്നുള്ള ലംഘനങ്ങൾക്ക്: 50000 രൂപ
കൊവിഡ് തടസമാകുമോ?
കൊവിഡ് വ്യാപനം പുതിയ നിയമം കർശനമായി നടപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടലുകളിലും ചടങ്ങുകൾക്കും പായ്ക്കറ്റ് ഫുഡ് നിർദ്ദേശിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ അല്പം കൂടി സമയം വേണ്ടി വരുമെന്ന് നഗരത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.