കൊല്ലം: ഇന്ന് കൂടുതൽ ഡോസ് എത്തിയില്ലെങ്കിൽ നാളെ ജില്ലയിൽ വാക്സിനേഷൻ മുടങ്ങുമെന്ന് സൂചന. നിലവിൽ 12,000 വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് കൂടുതൽ സ്റ്റോക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ കൊവിഷീൽഡാണ് ആദ്യം മുതൽ നൽകിയിരുന്നത്. ചൊവ്വാഴ്ച പതിനായിരം ഡോസ് കൊവാക്സിൻ എത്തിയിരുന്നു. ഇന്ന് പതിനായിരം ഡോസ് കൊവാക്സിൻ കൂടി എത്തുമെന്ന് അറിയിപ്പുണ്ട്. ഇതിനുപുറമേ കൊവിഷീൽഡ് കൂടി എത്തിയാലെ വാക്സിനേഷൻ മുടങ്ങാതെ നടക്കു. വാക്സിൻ ലഭ്യമായില്ലെങ്കിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പുകളെയും ബാധിക്കും.
ദിവസേന 12,000 - 20,000 പേർക്ക്
ജില്ലയിൽ 80 മുതൽ 120 വരെ കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. ഒരു ദിവസം 12,000 മുതൽ 20,000 പേർക്ക് വരെയാണ് വാക്സിൻ എടുക്കുന്നത്. എല്ലാ സെന്ററുകളും പ്രവർത്തിക്കുന്ന ദിവസങ്ങളിലാണ് വാക്സിനേഷൻ നിരക്ക് 20,000 വരെ ഉയരുന്നത്.
ജില്ലയിലെ വാക്സിനേഷൻ (ബുധനാഴ്ച വരെ)
ആദ്യ ഡോസ് എടുത്തത്: 3,52,363 പേർ
രണ്ടാം ഡോസ് എടുത്തത്: 32,125 പേർ