spinning-mill

ചാത്തന്നൂർ: കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള ഗ്രാറ്റുവിറ്റി കുടിശിക തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മേയ് രണ്ടിന് ശേഷം വിതരണം ചെയ്യുമെന്ന് ചെയർമാൻ ജോർജ് മാത്യു അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി മിൽ ലേ ഓഫ് ചെയ്തിരുന്ന സമയത്ത് വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയാണ് കുടിശികയുള്ളത്.

ഗ്രാറ്റുവിറ്റി കുടിശികയായതിനെ തുടർന്ന് തൊഴിലാളികൾ സമരം ആരംഭിച്ചിരുന്നു. ഇതേതുടർന്ന് ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ, മിൽ ചെയർമാൻ എന്നിവരും തൊഴിലാളി പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. കൊവിഡ് പാക്കേജിന്റെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് 2020 മേയ് മുതൽ വിരമിച്ച തൊഴിലാളികളുടെ പി.എഫും മറ്റ് ആനുകൂല്യങ്ങളും അടച്ചതിന് ശേഷം ബാക്കിയുള്ളത് ഗ്രാറ്റുവിറ്റി കുടിശിക നൽകുന്നതിന് ഉപയോഗിക്കുമെന്ന് ചർച്ചയിൽ ധാരണയായി.

എന്നാൽ സർക്കാരിൽ നിന്ന് ഇതിനുള്ള ഉത്തരവ് ലഭിച്ചത് കഴിഞ്ഞ മാർച്ച് 30ന് ആയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തുടർനടപടികളുണ്ടായില്ല. ഗ്രാറ്റുവിറ്റി വിതരണം ആരംഭിക്കുന്നതിനാൽ തൊഴിലാളികൾ നടത്തിവരുന്ന സമരം നിറുത്തലാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.