ooda
ഓടയിൽ വെള്ളം കെട്ടിനിന്ന് മതിൽ ഇടിഞ്ഞു വീണ ഭാഗം വൃത്തിയാക്കുന്നു

ചാത്തന്നൂർ: ഓടയിലേയ്ക്ക് മാലിന്യം ഒഴുക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ. മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച് വെള്ളം കെട്ടിനിന്ന ഓടയ്ക്ക് സമീപത്തെ മതിൽ ഇടിഞ്ഞുവീണതിനെത്തുടർന്ന് ഓടകളുടെ സ്ലാബ് ഇളക്കി നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കി വിടുന്നത് ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞദിവസം ദേശീയപാതയോരത്ത് പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് എതിർവശത്തായാണ് മതിൽ ഇടിഞ്ഞുവീണത്. ഉടമസ്ഥൻ കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർക്കു നൽകിയ പരാതി ദേശീയപാതാ അധികൃതർക്ക് കൈമാറിയിരുന്നു. തുടർന്ന് ഇന്നലെ ഓട വൃത്തിയാക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം ഓടയിലേയ്ക്ക് തള്ളുന്നത് കണ്ടെത്തിയത്.

നടപടിയുടെ ആദ്യഘട്ടമായി പാതയോരത്തെ ഹോട്ടലുകൾ, ബേക്കറികൾ, ലോഡ്ജുകൾ എന്നിവയുടെ നടത്തിപ്പുകാരിൽ നിന്ന് ഓടയിലേയ്ക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു. ഇതിനു ശേഷം ദേശീയപാതാ അധികൃതരുമായിച്ചേർന്ന് മുഴുവൻ ഭാഗത്തെയും സ്ലാബ് ഇളക്കി ഓട പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ എന്നിവർ അറിയിച്ചു.