photo
തോട്ടിൽ എറിയപ്പെട്ട നിലയിൽ കാണപ്പെട്ട സ്കൂട്ടർ

അഞ്ചൽ: സി.പി.എം ലോക്കൽ സെക്രട്ടറിയുടെ സ്കൂട്ടർ തോട്ടിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി.കരുകോൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി അസീമിന്റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ ദിവസം രാവിലെ പുല്ലാഞ്ഞിയോട് തോട്ടിൽ കാണപ്പെട്ടത്. വാഹനത്തിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ കരുകോണിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ചശേഷം സുഹൃത്തിന്റെ വാഹനത്തിലാണ് താൻ വീട്ടിലെത്തിയതെന്നും വാഹനത്തിൽ ആർ.സി ബുക്ക് ഉൾപ്പടെയുള്ള വാഹനരേഖകളും മൊബൈൽ ഫോൺ ചാർജറും ഉണ്ടായിരുന്നതായി ആസീം പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി സ്കൂട്ടർ കരയ്ക്കെടുത്ത് മേൽ നടപടി സ്വീകരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ യു.ഡി.എഫ് - എൽ. ഡി. എഫ് സംഘട്ടനം നടന്നിരുന്നു.

അതിന്റെ തുടർച്ചയാവാം സ്കൂട്ടർ തോട്ടിലെറിഞ്ഞതെന്നും അതല്ല,മോഷണശ്രമം പരാജയപ്പെട്ടതിനാൽ വാഹനം തോട്ടിൽ ഉപേക്ഷിക്കപ്പെട്ടതാണെന്നും നാട്ടുകാർ പറയുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അഞ്ചൽ പൊലീസ് അറിയിച്ചു.