kottarakkara
കൊട്ടാരക്കര ടൗണിലെ വെള്ളക്കെട്ട്

കൊട്ടാരക്കര: ചാറ്റൽമഴയിൽ പോലും ടൗണിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ടൗണിലെ വ്യാപാരികളെ ആശങ്കയിലാക്കുന്നു. ടൗണിൽ ഗതാഗത തടസം സൃഷ്ടിക്കുകയും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുകയും

ചെയ്യുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് വ്യാപാരികൾ. ചെറിയ മഴ പെയ്താൽ പോലും ടൗൺ വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളത്. വർഷങ്ങളായി ടൗണിലെ വ്യാപാരികൾക്ക് വെള്ളക്കെട്ട് ഭീഷണിയാകുകയാണ്. ഈ വെള്ളക്കെട്ടിനെതിരെ വ്യാപാരികൾ പലതവണ പ്രതിഷേധം ഉയർത്തുകയും നഗരസഭ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി ഓടകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്തെങ്കിലും ഇനിയും വെള്ളക്കെട്ട് പരിഹരിക്കാനായില്ല.

വ്യാപാരികൾ ദുരിതത്തിൽ

പരാതി വ്യാപകമായപ്പോൾ ഓട തെളിച്ച് സ്ളാബുകൾക്ക് മുകളിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ശക്തമായ മഴയിൽ ടൗണിലേക്ക് ഒഴുകി എത്തുന്ന മഴവെള്ളം ഓടകളിലിറങ്ങാതെ ടൗണിലെ റോഡിൽ പരന്നൊഴുകുകയാണ്. ഈ കെട്ടിനിൽക്കുന്ന മഴവെള്ളം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇറങ്ങി വൻ നാശം ഉണ്ടാക്കുന്നു. പരിമിതമായ സ്ഥലങ്ങളിൽ അട്ടിയിട്ട് വച്ചിരിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സാമഗ്രികൾ മഴവെള്ളത്തിൽ കുതിർന്ന് നശിക്കുന്നു. മൂപ്പതോ നാൽപ്പതോ വർഷത്തെ ടൗണിന്റെ പുരോഗതി ടൗണിലെ ദേശീയ പാതയെ വളരെയധികം ഉയർത്തി എന്നു പറയുമ്പോൾ പഴയ കടകൾ റോഡ് നിരപ്പിൽ നിന്ന് മൂന്നും നാലും അടി താഴ്ചയിലാണ്. പഴയ കടകളിലെ മരപ്പലകകളിലെ നിരകളിലൂടെയാണ് മഴ വെള്ളം കടയിലിറങ്ങുന്നത്. പുതിയ നിയമം അനുസരിച്ച് കടകൾ പൊളിച്ച് നിർമ്മിക്കാൻ ബുദ്ധിമുട്ടാണ്. അശാത്രീയമായ ഓട നിർമ്മാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.