marriage

 ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന

കൊല്ലം: വിവാഹം പോലുള്ള ചടങ്ങുകളും ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുള്ള പരിപാടികളും നടത്തുന്നതിന് മൂന്ന് ദിവസം മുൻപ് സമീപത്തെ പൊലീസ് സ്റ്റേഷനിലോ സർക്കാർ ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർദ്ദേശം.

കൊവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല സ്‌ക്വാഡുകളുടെ പരിശോധനകൾ ശക്തിപ്പെടുത്തും. വ്യാപന നിരക്ക് അഞ്ചിന് മുകളിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. ബൂത്ത്‌, വാർഡുതല കമ്മിറ്റികളുടെയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച അവഗാഹം വർദ്ധിപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ടീം ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിശോധനകളിൽ പങ്കെടുക്കുമെന്നും കളക്ടർ അറിയിച്ചു.
സബ് കളക്ടർ ശിഖ സുരേന്ദ്രൻ, എ.ഡി.എം അലക്‌സ് പി. തോമസ്, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.