കൊല്ലം: ഒൻപത് ഭാഷകളിലുള്ള പ്രാവീണ്യവും രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെന്ന് അഡ്വ. പിറവന്തൂർ ശ്രീധരൻ പറഞ്ഞു. 130-ാമത് അംബേദ്കർ ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബീച്ച് റോഡിലെ ഇന്ത്യൻ റെഡ്ക്രോസ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത വിഘടനവാദങ്ങൾക്കെതിരെ ഹിന്ദു മതനവീകരണത്തിന് വേണ്ടി പോരാടുകയും പ്രവർത്തിക്കുകയും ചെയ്ത അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. അംബേദ്കറുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാതെ വന്നതാണ് ഭാരതത്തിന് വന്നുചേർന്ന അപചയമെന്നും അദ്ദേഹം പറഞ്ഞു.
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനത്തിൽ തന്റേതായ വിശാലമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരിഞ്ഞുവന്ന വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദേശീയബോധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അംബദ്കറെന്ന് ഡോ. വി.എസ്. രാധാകൃഷ്ണൻ പറഞ്ഞു. 'ദേശീയതയും അംബദ്കറും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിചാര കേന്ദ്രം കൊല്ലം സമിതി പ്രസിഡന്റ് എൻ.എം. പിള്ള ഉദ്ഘാടനം ചെയ്തു. അപ്പുക്കുട്ടൻപിള്ള മോഡറേറ്ററായിരുന്നു. സെക്രട്ടറി സി. ചന്ദ്രശേഖരൻ സ്വാഗതവും ജോ. സെക്രട്ടറി ഗിരിജാ മനോഹർ നന്ദിയും പറഞ്ഞു.