ഓയൂർ: സ്വകാര്യ ബസിലെ ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ ഏഴാംകുറ്റിയിലാണ് സംഭവം. പള്ളിമൺ പുലിയില ഇളവൂർ ഭഗവാൻ മുക്ക് നാസില മൻസിലിൽ റാഫിഷയുടെ മകൻ നൗഫലിനെയാണ് (26) വ്യാഴാഴ്ച്ച രാത്രി ഏഴരയോടെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ഡോർ ലോക് ചെയ്ത് ഇൻഡിക്കേറ്റർ ഇട്ട നിലയിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഏഴാം കുറ്റി വളവിൽ കാറ് കിടക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. വൈകിട്ട് ഏഴ് മണിയായിട്ടും കാർ അവിടെനിന്ന് പോകാത്തതിൽ സംശയം തോന്നിയ നാട്ടുകാർ പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി കാറിന്റെ ഡോർ തുറന്ന് നോക്കി പരിശോധിച്ചപ്പോഴാണ് നൗഫലിനെ മരിച്ച നിലയിൽ കണ്ടത്. കൊല്ലം -വട്ടപ്പാറ -ആയൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്. മൃതദേഹം പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് കേസെടുത്തു. സഹോദരി: നാസില.