കൊല്ലം: മോഷണക്കേസ് പ്രതി തെളിവെടുപ്പിനിടെ അക്രമാസക്തനായി. താമരക്കുളം ചിറ്റടീശ്വര ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ ആലപ്പുഴ പുന്നപ്ര പേരൂർ കോളനിയിൽ മരിയനാസിന്റെ മകൻ സുമേഷാണ് (36) അക്രമം കാട്ടിയത്. ഏതാനും ദിവസം മുൻപാണ് താമരകുളം ചിറ്റടീശ്വര ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരപ്പെട്ടി തകർത്ത് പണം കവർന്നത്. തുടർന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സുമേഷാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിൽ പള്ളിത്തോട്ടം ബീച്ചിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്.
ഇന്നലെ ചിറ്റടീശ്വര ക്ഷേത്രത്തിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സുരമേഷ് കൈവിലങ്ങ് കൊണ്ട് നെറ്റിയിൽ ഇടിച്ചു. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ നിയന്ത്രിച്ചത്. തെളിവെടുപ്പ് അവസാനിപ്പിച്ച് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. കഴിഞ്ഞയാഴ്ച ഇരവിപുരത്ത് നടന്ന ക്ഷേത്ര മോഷണവും ഇയാൾ നടത്തിയതാണെന്ന് സമ്മതിച്ചു.