photo
നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള യൂണിഫോം ചെയർമാൻ കോട്ടയിൽ രാജു യൂണിയൻ സെക്രട്ടറി സലിമിന് കൈമാറുന്നു.

കരുനാഗപ്പള്ളി : നഗരത്തെ വൃത്തിയായി കാത്തുസൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് കരുനാഗപ്പള്ളി നഗരസഭ വിഷു ദിനത്തിൽ യൂണിഫോം നൽകി. നഗരസഭയിലെ 38 ശുചീകരണ തൊഴിലാളികൾക്കാണ് വിഷുക്കൈനീട്ടമായി പുതിയ യൂണിഫോമുകൾ വിതരണം ചെയ്തത്. . തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. ശുചീകരണ തൊഴിലാളികൾക്ക് പ്രത്യേക യൂണിഫോം വേണമെന്ന് കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. പുതിയ നഗരസഭ നിലവിൽ വന്നതോടെ ഇവരുടെ ആവശ്യം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷുദിനത്തിൽ നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു യൂണിഫോം യൂണിയൻ സെക്രട്ടറി ഇ. സലിമിന് കൈമാറി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി . മീന, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ. .ശ്രീലത, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.