പുത്തൂർ: കുളക്കട ഗവ.ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്തുമെന്ന പ്രഖ്യാപനങ്ങൾ വെറുംവാക്കായി. ഡിസ്പെൻസറിയുടെ പ്രവർത്തനം ശോചനീയാവസ്ഥയിൽ. 2011 ഫെബ്രുവരി 28ന് ഡിസ്പെൻസറിയുടെ പുതിയ മന്ദിരം സമർപ്പിച്ച വേളയിലാണ് ആശുപത്രിയാക്കി ഉയർത്തുമെന്ന് മന്ത്രിയടക്കം പ്രഖ്യാപിച്ചത്. വലിയ പ്രതീക്ഷയോടെയാണ് നാട് ഇത്രനാളും കാത്തിരുന്നതും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആയുഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസ്പെൻസറി അപ്ഗ്രേഡ് ചെയ്യാനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ശ്രമം നടത്തിയിരുന്നതാണ്. എന്നാൽ അതും പൂർത്തിയായില്ല.
പ്രവർത്തനമില്ലാതെ നശിക്കുന്നു
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങളോടെയായിരുന്നു കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഡിസ്പെൻസറിയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്. ബാക്കി ഭാഗം പ്രവർത്തനമില്ലാതെ നശിക്കുകയാണ്. പരിസരമാകെ കാടുമൂടിക്കഴിഞ്ഞു. കെട്ടിടത്തിന് യഥാസമയത്ത് അറ്റകുറ്റപ്പണികളോ പെയിന്റിംഗോ നടത്താത്തതിന്റെ ദോഷവുമുണ്ട്.
താളം തെറ്റിയ പ്രവർത്തനം
കുളക്കട ഗ്രാമപഞ്ചായത്തുകാർക്ക് മാത്രമല്ല, തൊട്ടടുത്ത മൈലം പഞ്ചായത്തിലെയും പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, ഇളംഗമംഗലം, മണ്ണടി ഭാഗത്തുള്ളവരും ഈ ഡിസ്പെൻസറിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ആശുപത്രിയായി ഉയർത്തിയാൽ അവർക്കൊക്കെ കൂടുതൽ പ്രയോജനപ്പെടും. പ്രധാന ഡോക്ടർ അവധിയിൽ പോയപ്പോൾ ഡിസ്പെൻസറിയുടെ പ്രവർത്തനം തീർത്തും താളം തെറ്റി. ഇത് പതിവുള്ളതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ എല്ലാ ആതുരാലയങ്ങളെയും ഹൈടെക് ആക്കി മാറ്റുമ്പോഴും കുളക്കടയിലെ ഈ ആയുർവേദ ഡിസ്പെൻസറിയുടെ ഗതികേടിൽ നാട്ടുകാർ രോക്ഷത്തിലാണ്.