കൊല്ലം: തൃക്കടവൂർ കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെ കിണറ്റിൽ അവിടത്തെ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. ചവറ തെക്കുംഭാഗം തുണ്ടുവിള പുതുവലിൽ സ്റ്റീഫന്റെയും ത്രേസ്യാമ്മയുടെയും മകൾ മേബിൾ സ്റ്റീഫനാണ് (42- ലയ) മരിച്ചത്. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
ഇന്നലെ രാവിലെ പ്രാർത്ഥനയ്‌ക്ക് എത്താത്തതിനെ തുടർന്നുള്ള തെരച്ചിലിലാണ് കോൺവെന്റ് കെട്ടിടത്തിന്റെ നടുമുറ്റത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി ഒപ്പമുള്ളവർ പറയുന്നു. കഴിഞ്ഞദിവസം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്നുകൾ മൂലമുള്ള അലർജി കാരണം ആഹാരം കഴിക്കാൻ കഴിയുന്നില്ലെന്നും ശാരീരിക ബുദ്ധിമുട്ട് ഏറെയാണെന്നും അതിനാൽ ജീവനൊടുക്കുകയാണെന്നുമാണ് കുറിപ്പിലുള്ളത്.
മേൽമൂടിയുള്ള കിണറിന്റെ വെള്ളം കോരിയെടുക്കുന്ന ഭാഗം തുറന്ന നിലയിലായിരുന്നു. തൊട്ടടുത്ത് ഇവർ ഉപയോഗിച്ചതെന്ന് കരുതുന്ന ചെരുപ്പുകളുമുണ്ടായിരുന്നു. പൊലീസ് നായയെ ഉപയോഗിച്ച് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. കൊല്ലം തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പതിനൊന്നരയോടെ മൃതദേഹം പുറത്തെടുത്തു. കുരീപ്പുഴയിലെ സ്വകാര്യ സ്കൂളിലെ അക്കൗണ്ട്സ് സെക്‌ഷനിലെ ജീവനക്കാരിയുമായിരുന്നു.
ഞാൻ കിണറ്റിലുണ്ട്
ആത്മഹത്യാ കുറിപ്പിന്റെ ഒടുവിലത്തെ വരിയിൽ സിസ്റ്റർ മേബിൾ ഇങ്ങനെ എഴുതി, 'ഞാൻ കിണറ്റിലുണ്ട് '. 'ഇങ്ങനെ ചെയ്യുന്നതിൽ എന്റെ സഭയിലെ സിസ്റ്റർമാർക്കോ കുടുംബാംഗങ്ങൾക്കോ യാതൊരു പങ്കുമില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കുക. എന്നെ കുരീപ്പുഴയിൽ അടക്കിയാൽ മതി". ഇതിന് താഴെ ഒപ്പിട്ടശേഷമാണ് കിണറ്റിലുണ്ടെന്ന് എഴുതിയിരിക്കുന്നത്. നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത പേപ്പറിൽ എഴുതിയ കുറിപ്പിന്റെ മുകളിൽ ഇന്നലത്തെ തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.