anganvadi

കൊല്ലം: അങ്കണവാടികൾ വഴിയുള്ള സേവനം കൂടുതൽ മെച്ചപ്പെടുത്താൻ കെട്ടിടമില്ലാത്ത അങ്കണവാടികൾ തൊട്ടടുത്തുള്ളവയുമായി സംയോജിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഓരോ അങ്കണവാടികളാണ് ആദ്യഘട്ടത്തിൽ സംയോജിപ്പിക്കുന്നത്.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോട് ചേർന്ന് സ്വന്തം കെട്ടിടമുള്ളതുണ്ടെങ്കിൽ രണ്ടും ഒരുമിച്ചാക്കാനാണ് ആലോചന. കൊല്ലം കോർപ്പറേഷൻ പരിധിയിൽ തൃക്കടവൂർ മേഖലയിലുള്ള മൂന്ന് അങ്കണവാടികളാണ് ജില്ലയിൽ ആദ്യമായി സംയോജിപ്പിക്കുന്നത്. കടവൂർ, മതിലിൽ, നീരാവിൽ എന്നിവിടങ്ങളിലേത് സംയോജിപ്പിച്ച് കടവൂരിലെ അങ്കണവാടി കെട്ടിടത്തിലാകും പ്രവർത്തിപ്പിക്കുക. ഷിഫ്ട് അടിസ്ഥാനത്തിലാകും പിന്നീട് പ്രവർത്തനം. ഇപ്പോൾ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ളാസ്. സംയോജിപ്പിച്ച് ഒന്നാകുന്ന അങ്കണവാടികൾ രാവിലെ 7.30ക്ക് തുറക്കും.

 തൊഴിൽ നഷ്ടപ്പെടില്ല

സംയോജിപ്പിക്കുമ്പോൾ ഹെൽപ്പർ അടക്കമുള്ള ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകില്ല. ഷിഫ്ട് അടിസ്ഥാനത്തിൽ ഇവരുടെ ജോലി ക്രമീകരിക്കും. വാടകക്കെട്ടിടത്തിലാണെങ്കിലും അകലെയുള്ളവ സംയോജിപ്പിക്കില്ല. കുട്ടികൾക്കും മറ്റ് ഗുണഭോക്താക്കൾക്കും എത്താനുള്ള സൗകര്യം സംയോജിപ്പിക്കുന്നതിന്റെ പ്രധാന മാനദണ്ഡമാണ്.

 നേട്ടം

1. രണ്ട് അങ്കണവാടികൾക്ക് ലഭിക്കുന്ന ഫണ്ട് ഒരിടത്ത് ചെലവഴിക്കാം

2. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടും

3. രാവിലെ തുറക്കുന്നത് ജോലിക്കാരായ രക്ഷകർത്താക്കൾക്ക് പ്രയോജനം

 ആകെ അങ്കണവാടികൾ: 2,723

 ജില്ലയിൽ അറ് വയസുവരെ പ്രായമുള്ളവർ: 1,75,017

 ആറ് വയസ് വരെയുള്ള അങ്കണവാടി ഗുണഭോക്താക്കൾ: 87,619

 ഗർഭിണികളും മൂലയൂട്ടുന്നവരുമായ സ്ത്രീകൾ: 26,658

 അങ്കണവാടി ഗുണഭോക്താക്കൾ: 23,799

''

പരീക്ഷണാർത്ഥം എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ അങ്കണവാടികളാണ് സംയോജിപ്പിക്കുന്നത്. വിജയകരമെങ്കിൽ വ്യാപകമാക്കും. സേവനം കൂടുതൽ മെച്ചപ്പെടാൻ ഇത് സഹായകരമാകും.

ടിജു റെയ്ച്ചൽ തോമസ്,

ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ