പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടണത്തിൽ മഴയത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ധാരണയായി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ധാരണയായതെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണനും അറിയിച്ചു. ഒരാഴ്ചയായി പെയ്യുന്ന വേനൽ മഴയെ തുടർന്ന് പട്ടണത്തിലെ പല ഭാഗങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നത് കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടായി മാറുകയാണ്. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ടൗണിലൂടെ കടന്ന് പോകുന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഇന്ന് പാത പരിശോധിക്കും
റീ ടാറിംഗിനെ തുടർന്ന് ഉയർന്ന പാതയെ ഇന്റർലോക്ക് ഐറീഷ് ഡ്രെയിനുമായി കോൺക്രീറ്റ് ചെയ്തു ബന്ധിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് കൂടാതെ ടൗണിൽ രൂപപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും ഒഴിവാക്കും. കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് സിഗ്നൽ ബോർഡുകളും താത്ക്കാലിക ഡിവൈഡറുകളും സ്ഥാപിക്കാൻ ചർച്ചയിൽ തീരുമാനമായി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ദേശിയ പാത വിഭാഗം ഉദ്യോഗസ്ഥരും നഗരസഭ ഭരണാധികാരികളും ചേർന്ന് ഇന്ന് പാത പരിശോധിക്കും.
നടപടികൾ വൈകുമ്പോൾ
പട്ടണത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തണമെന്ന് വർഷങ്ങളായി ആവശ്യം ഉയർന്നിരുന്നു. പൊലിസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും വ്യാപാരികളും ജനപ്രതിനിധികളും എല്ലാ വർഷവും ട്രാഫിക് പരിഷ്ക്കരണ കമ്മിറ്റികൾ കൂടി പിരിയുന്നതല്ലാതെ തുടർ നടപടികൾ ഉണ്ടാകാറില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.മൂന്ന് ദിവസം മുമ്പ് പെയ്ത കനത്ത മഴയിലാണ് ടൗണിലെ റോഡിലും പാതയോരങ്ങളിലും മഴ വെള്ളം ഉയർന്നത്.