കൊല്ലം: ഏറെക്കാലമായി കാത്തിരുന്ന ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ കൊല്ലം എസ്.എൻ കോളേജിലെ അനദ്ധ്യാപക ജീവനക്കാർ. നിയമനങ്ങൾക്കും പ്രമോഷനുകൾക്കും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വൈകുന്നതാണ് പ്രശ്നം. പഴയ നിരക്കിലുള്ള ശമ്പളമാണ് ഇവർക്ക് ഇപ്പോഴും ലഭിക്കുന്നത്.
ഏതെങ്കിലും ജീവനക്കാരന്റെ 2019 ജൂലായ് 1ന് മുൻപുള്ള പ്രമോഷന് അംഗീകാരം ലഭിക്കാനുണ്ടെങ്കിൽ അത് കിട്ടിയ ശേഷമേ പുതിയ ആനുകൂല്യത്തിന് അർഹതയുള്ളുവെന്നാണ് പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ പറയുന്നത്. കൊല്ലം എസ്.എൻ കോളേജിലെ 99 ശതമാനം അനദ്ധ്യാപകർക്കും ഇത്തരത്തിൽ പ്രമോഷനും നിയമനത്തിനും അംഗീകാരം ലഭിക്കാനുണ്ട്. ഒന്നിലേറെ പ്രമോഷനുകൾക്ക് അംഗീകാരം കിട്ടാത്ത ജീവനക്കാരുമുണ്ട്. പത്താം ശമ്പള പരിഷ്കരണത്തിന്റെ ആനൂകൂല്യം ലഭിക്കാത്ത വലിയൊരു വിഭാഗം ജീവനക്കാരുമുണ്ട്. പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന് നിലവിലെ വേതനത്തിന് ആനുപാതികമായി പുതിയ സ്കെയിൽ ലഭിക്കുമായിരുന്നു. നിയമനാംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റീ ഫിക്സേഷൻ നടത്തി ആനുകൂല്യങ്ങൾ കൈപ്പറ്റാമായിരുന്നു. ഈ ആനുകൂല്യം ഇപ്പോൾ നിറുത്തലാക്കി.
എയ്ഡഡ് കോളേജുകളിലെ അനദ്ധ്യാപക നിയമനങ്ങൾക്കും പ്രമോഷനുകൾക്കും അംഗീകാരം നൽകേണ്ടത് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസാണ്. ഇവിടുത്തെ മെല്ലെപ്പോക്കാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
''
നിലവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി. എല്ലാ എസ്.എൻ കോളേജുകളിലെയും അനദ്ധ്യാപക ജീവനക്കാർ സമാന അവസ്ഥയിലാണ്.
കെ.എസ്. സച്ചു, സെക്രട്ടറി,
കൊല്ലം എസ്.എൻ കോളേജ് സ്റ്റാഫ് അസോസിയേഷൻ