photo
ആലുംകടവ് വലിയ വളാലിൽ മുണ്ടകപ്പാടത്ത് വളർന്ന് നിൽക്കുന്ന കണ്ടൽക്കാട്.

കരുനാഗപ്പള്ളി: അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന കാടുകളാണ് കണ്ടൽ.

ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വളരുന്ന കണ്ടൽക്കാടുകൾ അന്യാധീനമാകുന്ന സാഹചര്യത്തിൽ കണ്ടൽക്കാടുകളെ നഗരസഭ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

മുണ്ടകപ്പാടം നിറയെ

ആലുംകടവ് ഒന്നാം ഡിവിഷനിൽ ടി.എസ്.കനാലിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ വലിയവളാലിൽ മുണ്ടകപ്പാടാത്താണ് കണ്ടൽക്കാട് തഴച്ച് വളർ‌ന്ന് നിൽക്കുന്നത്. മൂന്നര പതിറ്റാണ്ടിന് മുമ്പ് വരെ ഇവിടം ഒരു പൂക്കൃഷി ചെയ്യുന്ന മുണ്ടകപ്പാടമായിരുന്നു. കൃഷി അന്യം നിന്നതോടെ ചെറിയ വൃക്ഷങ്ങളും പുൽക്കാടുകളും വളർന്ന് വന്നു. അടുത്ത കാലത്താണ് വളർന്ന് നിൽക്കുന്ന കണ്ടൽച്ചെടികൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ലോകത്ത് അപൂർവമായി കാണുന്ന കണ്ടൽ ചെടികളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ പറയുന്നു. കരുനാഗപ്പള്ളിയിൽ ആയിരം തെങ്ങിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കണ്ടൽക്കാട് വളർന്ന് നിൽക്കുന്നത്.

ജീവജാലങ്ങളുടെ സങ്കേതം

കണ്ടൽക്കാട് നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ആലുംകടവിലെ കണ്ടൽക്കാട് അപൂ‌ർവ പക്ഷികളുടെ സങ്കേതം കൂടിയാണ്. നീർനായ്ക്കൾ കണ്ടൽക്കാട്ടിലെ നിത്യ സന്ദർശകരാണെന്ന് നാട്ടുകാർ പറയുന്നു. ടി.എസ് കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്ലാച്ചേരിൽ തോട്ടിൽ നിന്ന് വെള്ളം മുണ്ടകപ്പാടത്തേക്ക് കടക്കുന്നതാണ് കണ്ടൽക്കാട് സമൃദ്ധിയായി വളരാൻ കാരണം. കണ്ടൽക്കാട് വേണ്ട വിധത്തിൽ സംരക്ഷിച്ചാൽ ഗവേഷണ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

അപൂർവമായ കണ്ടൽ ചെടികളുടെ വൻ ശേഖരമാണ് ഇവിടെ ഉള്ളത്. കണ്ടൽക്കാടുകൾ വളർന്ന് നിൽക്കുന്ന ഇവിടെ കരിമീൻ ഉൾപ്പടെയുള്ള കായൽ മത്സ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. സ്വകാര്യ വ്യക്തിയുടെ സമ്മതത്തോടെ കണ്ടൽക്കാട്ട് സംരക്ഷിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിക്കണം.

എസ്.രമണൻ, സെക്രട്ടറി, ആലുംകടവ് വികസന സമിതി