മതിലിൽ ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം
കൊല്ലം: തൃക്കടവൂർ സോണൽ പരിധിയിലെ മതിലിൽ ഭാഗത്ത് ജലവിതരണം മുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കടുത്ത വേനലിൽ പണം നൽകി കുടിവെള്ളം വാങ്ങേണ്ട ദുരവസ്ഥയിലാണ് നാട്ടുകാർ. മതിലിൽ തോട്ടുംകര അങ്കണവാടിക്ക് സമീപമുള്ള പ്രദേശം, യുവദീപ്തി ക്ലബ് പരിസരം തുടങ്ങിയ മേഖലകളിലാണ് കുടിവെള്ളം മുടങ്ങിയത്. പ്രദേശവാസികൾ ജലവിഭവവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു മറുപടി. എന്നാൽ നമ്പാരത്ത് മുക്കിന് സമീപത്ത് വിതരണ പൈപ്പിലുള്ള വാൽവ് മാറ്റി സ്ഥാപിച്ചാൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. നിരവധി തവണ പരാതിപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന വാഗ്ദാനമാണ് പ്രദേശവാസികൾക്ക് ലഭിച്ചത്.
കുടിവെള്ളവിതരണം മുടങ്ങാൻ കാരണമായ ഓട
നിർമ്മിച്ചത് മതിലിൽ തോട്ടുംകരയിൽ
കൃത്യമായ പരിശോധനയില്ലാതെ അശാസ്ത്രീയമായ നിർമ്മാണം
കുടിവെള്ള വിതരണത്തിനുള്ള പി.വി.സി പൈപ്പിന് മുകളിലൂടെ കോൺക്രീറ്റ്
കോൺക്രീറ്റ് മൂലം പൈപ്പിനുണ്ടായ കേടുപാടും തടസവും ജലവിതരണം മുടക്കി
തടസം മാറാൻ
ഓട പൊളിച്ച് പൈപ്പ് മാറ്റി സ്ഥാപിക്കണം, അല്ലെങ്കിൽ പുതുതായി ജി.ഐ പൈപ്പ് സ്ഥാപിക്കണം
നമ്പാരത്ത് മുതൽ പുതിയ പൈപ്പ് ലൈൻ വേണം
രണ്ടിനും നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കണം
തുടർന്ന് പൊതുമരാമത്തിന്റെ അനുമതി ലഭിക്കണം
പ്രദേശത്ത് പുതുതായി ഓട നിർമ്മിച്ചപ്പോൾ ജലവിതരണ പൈപ്പ് അതിനടിയിലായി. ഇതുമൂലം പൈപ്പിന് കേടുപാട് സംഭവിച്ചതിനാലാകാം കുടിവെള്ള വിതരണം മുടങ്ങുന്നത്. ഓട പൊളിച്ച് പൈപ്പ് മാറ്റുകയോ പുതുതായി ജി.ഐ പൈപ്പ് സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് മനസിലാക്കുന്നത്. അതിനായി നഗരസഭ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകണം
ജലവിഭവ വകുപ്പ് അധികൃതർ
ജലവിതരണ പൈപ്പ് ഓടയുടെ അടിയിൽ
തോട്ടുംകര ഭാഗത്ത് പുതുതായി ഒാട നിർമ്മിച്ചപ്പോൾ പൈപ്പുകൾ അതിന് അടിയിലായതിനാലാണ് ജലവിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. കാരണങ്ങൾ നിരവധിയുണ്ടെങ്കിലും കുടിവെള്ളം മുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും ഈ ഭാഗത്ത് വിതരണം പുനസ്ഥാപിക്കാനോ പകരം സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.